കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ സിറ്റി കണ്ട്രോള് റൂമിലാണ് ഹാജരാകേണ്ടത്. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് വിട്ടയച്ചത്.
കഴിഞ്ഞ ദിവസം നടന്ന വിവര ശേഖരണത്തിൽ യുവനടിയുടെ പരാതിയിൽപ്പറയുന്ന കാര്യങ്ങളെ സിദ്ദിഖ് പൂർണമായി തള്ളിയിരുന്നു. ജീവിതത്തിൽ നടിയെ കണ്ടത് ഒരുതവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററിൽ നടന്ന സിനിമയുടെ പ്രിവ്യൂ ഷോയിൽ വച്ചാണെന്നും അന്വേഷണ സംഘത്തോട് സിദ്ദിഖ് പറഞ്ഞിരുന്നു. സംഭവം നടന്നെന്ന് പരാതിയിൽ പറയുന്ന തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടിയെ കണ്ടിട്ടില്ലെന്നും സിദ്ദിഖ് മൊഴി നൽകിയിട്ടുണ്ട്. ഈ മാസം 22ന് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കും.