Kerala

രണ്ടാം തവണയും സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍; ഹാജരായത് തിരുവന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിൽ | actor-siddique

ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തിരുവന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് സിദ്ദിഖ് ഹാജരായത്. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണത്തിന് മുന്നില്‍ ഹാജരാകുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സിദ്ദിഖ് തയ്യാറായില്ല. ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ആദ്യതവണ വിട്ടയക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു.

content highlight: actor-siddique-appeared-before-the-inquiry-team