ഛണ്ഡീഗഡ്: നയാബ് സിങ് സെയ്നി വ്യാഴാഴ്ച (ഒക്ടോബർ 17) ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് അനുവാദം ലഭിച്ചെന്ന് കേന്ദ്ര മന്ത്രിയും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഘട്ടർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യാര്‍ഥം സത്യപ്രതിജ്ഞ തീയതി 17ലേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. പഞ്ച്കുലയിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്.
സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രി നയാബ് സിങ് സൈനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രിയും ഹരിയാനയിലെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുകയും ചെയ്ത ധർമ്മേന്ദ്ര പ്രഥാനുമായും സൈനി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രിയായി സൈനിയെ തന്നെ പരിഗണിക്കുമെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു.
90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ബിജെപി വിജയിച്ചത്. കോൺഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം.
അതേസമയം പരാജയത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് സഖ്യകക്ഷികൾ ഉന്നയിച്ചത്. കോൺഗ്രസിന്റെ അഹന്തയാണ് ഹരിയാനയിലെ പരാജയത്തിന് കാരണമെന്നും സഖ്യകക്ഷികളെ ഉൾപ്പെടുത്താതിരുന്നത് ഫലങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ് എഎപി, ശിവസേന ഉൾപ്പടെയുള്ള കക്ഷികളുടെ വിമർശനം. അതേസമയം പരാജയം കോൺഗ്രസിന്റെയോ തന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കളുടെ വീഴ്ചയും പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ കോൺഗ്രസ് പ്രത്യേക സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നൽകിയിരുന്നു.
content highlight: nayab-singh-saini-govt-to-take-oath