ഓം പ്രകാശ് പ്രതിയായ കൊച്ചി ലഹരിക്കേസിൽ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. ടെലിവിഷൻ മേഖലയിലെ ഒരു താരം ഹോട്ടലിൽ എത്തിയിരുന്നതായി വിവരം കിട്ടിയിട്ടു ണ്ടെങ്കിലും ലഹരിപ്പാർട്ടിയിൽ പങ്കെടുക്കാൻ വന്നതാണോ എന്നറിയില്ല.
കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നതനുസരിച്ച് അന്വേഷണം അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരട് കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് ഓംപ്രകാശും കൂട്ടാളി ഷിഹാസും ലഹരിപ്പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, ഓം പ്രകാശിനെ തനിക്ക് അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും സുഹൃത്തിനെ കാണാനാണ് അന്നേ ദിവസം ഹോട്ടലില്‍ പോയതെന്നും പ്രയാഗ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ശ്രീനാഥ് ഭാസി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇതുവരെ കേസിൽ മൂന്നുപേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.
STORY HIGHLIGHT: kochi drug case no evidence against prayaga martin sreenath bhasi