മലപ്പുറം വേങ്ങരയിൽ കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ വയോധിക ദമ്പതിമാർക്ക് ക്രൂരമർദ്ദനം. വേങ്ങര സ്വദേശികളായ അസൈൻ, ഭാര്യ പാത്തുമ്മ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായ പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങര സ്വദേശി അബ്ദുൽ കലാമും മകൻ സത്തറും കുടുംബവും ചേർന്നാണ് ഇവരെ മർദിച്ചത്.
കടം നൽകിയ പണം തിരികെ ചോദിച്ചതിനാണ് മർദ്ദിച്ചതെന്നാണ് വിവരം. മർദ്ദനം തടയാനെത്തിയ ഇവരുടെ മകൻ മുഹമ്മദ് ബഷീറിനും വെട്ടേറ്റു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ക്രൂരമർദ്ദനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വേങ്ങര പൂവളപ്പിൽ അബ്ദുൽ കലാമും മകൻ മുഹമ്മദ് സഫറിനും അസൈന്റെയും പാത്തുമ്മയുടേയും മകൻ ബഷീർ 23 ലക്ഷം രൂപ കടം നൽകിയിരുന്നു. ഈ പണം ഒന്നരവർഷമായി തിരിച്ചു കിട്ടിയിരുന്നില്ല. തുടർന്ന് ഈ കുടുംബം കലാമിന്റെ വീടിന് സമീപം സമരം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് മുഹമ്മദ് സഫറും അയാളുടെ രണ്ട് മക്കളും ചേർന്ന് ഇവരെ ക്രൂരമായി മർദ്ദിച്ചത്.
ബിസിനസ് ആവശ്യങ്ങൾക്കായാണ് സത്തറിന് ബഷീർ പണം കടം നൽകിയത്. ഏകദേശം 23 ലക്ഷം രൂപയാണ് നൽകാനുള്ളത്. സംഭവത്തിൽ ബഷീറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: elderly couple brutally beaten up in malappuram