ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ അയവ് വരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു. എന്നാൽ ഇതെല്ലാം സർക്കാരിന്റെയും ഗവർണ്ണറുടെയും നാടകമാണെന്നാണ് പ്രതിപക്ഷനേതാവിൻറെ ആരോപണം.
ആവശ്യപ്പെട്ടിട്ടും രാജ്ഭവനിലെത്താതിരുന്ന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുന്നിൽ രാജ്ഭവന്റെ വാതിൽ ഇനി തുറക്കില്ലെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് വൈകിട്ടോടെ രാജ്ഭവൻ വിശദീകരണക്കുറിപ്പിറക്കി. ഇതിൽ ഔദ്യോഗിക കാര്യത്തിന് രാജ്ഭവനിലേക്ക് വരാന്‍ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും വ്യക്തിപരമായ കാര്യങ്ങൾക്കാണെങ്കിൽ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും ഗവർണർ വ്യക്തമാക്കി.
‘രാജ്ഭവനിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി വരുന്ന ഉദ്യോഗസ്ഥർ സർക്കാരിന്റെ അനുമതിയില്ലാതെയാണ് ഇതുവരെ വന്നിരുന്നത്. രാജ്ഭവന്‍ ഇതു തടഞ്ഞിരുന്നില്ല. ഇനിമുതൽ മുഖ്യമന്ത്രിയുടെ അനുമതി ഇല്ലാതെ ഉദ്യോഗസ്ഥരെ രാജ്ഭവനിൽ ഔദ്യോഗിക സന്ദർശനം നടത്താൻ അനുവദിക്കില്ല. വ്യക്തിപരമായ കാര്യങ്ങൾക്കാണെങ്കിൽ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നു’– രാജ്ഭവൻ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
തന്റെ കത്തുകളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറാകാത്തതു കൊണ്ടാണു ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ വന്നു വിശദീകരിക്കാൻ നിർദേശിച്ചതെന്ന് കഴിഞ്ഞ ദിവസം ഗവർണർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
STORY HIGHLIGHT: Chief secretary and dgp can come to raj bhavan for personal purposes says governor