നമ്മൾ നടന്നു പോകുന്നതിനിടെ പെട്ടെന്ന് മണ്ണിനടിയിൽ നിന്നും എത്തിപ്പിടിക്കാനെന്ന മട്ടിൽ പുറത്തേക്കു വരുന്ന ചുവന്ന നീണ്ട വിരലുകൾ. ഒപ്പം അഴുകിയ ജഡത്തിന്റെ ദുർഗന്ധവും. മനക്കട്ടി ഇല്ലാത്തവരാണെങ്കിൽ ഈ ഒരൊറ്റ കാഴ്ചയിൽ ബോധം പോകുമെന്ന് ഉറപ്പ്. അതുകൊണ്ട് ഈ അപൂർവ കാഴ്ചയെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് യുകെ ഭരണകൂടം. കൂൺവർഗത്തിൽ പെട്ട ഒരു ഇനമാണ് പ്രേത സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ കാഴ്ച ഒരുക്കുന്നത്. വിചിത്ര രൂപത്തിലുള്ള വിരലുകളുടെ ആകൃതിയായതിനാൽ തന്നെ ഡെവിൾസ് ഫിംഗേഴ്സ് അഥവാ ചെകുത്താന്റെ വിരലുകൾ എന്നാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്. എന്നാൽ ക്ലാത്റസ് ആർച്ചറി എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. യുകെയിലെ ന്യൂ ഫോറസ്റ്റ് മേഖലയിൽ ഈ കൂൺ വർഗത്തെ കണ്ടെത്തിയതായി ഏതാനും ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പുല്ലുകൾ നിറഞ്ഞ മേഖലയിലൂടെ നടന്നു പോകുന്നതിനിടെ ജൂലിയ റോസർ എന്ന 67 കാരിയാണ് ചെകുത്താന്റെ വിരലുകൾ കണ്ടത്. ഇപ്പോൾ ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നുണ്ട്. കൂണിനം ആണെങ്കിലും യുകെയിൽ ഇവയെ കണ്ടെത്തുന്നത് അത്ര സാധാരണമല്ല. പൊതുവേ ഒക്ടോബർ അവസാനത്തോടെയാണ് ഇവ പൊട്ടിമുളക്കുന്നത്. എന്നാൽ കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം മൂലം സെപ്റ്റംബറിൽ തന്നെ മണ്ണിൽ കൂടുതൽ ഈർപ്പം നിറഞ്ഞുനിൽക്കുന്നത് കൊണ്ടാവാം അവ നേരത്തെ മുളച്ചത് എന്ന് വിദഗ്ധർ വിലയിരുത്തുന്നു. നിലവിൽ യുകെയിലാണ് കണ്ടെത്തിയിരിക്കുന്നതെങ്കിലും ന്യൂസിലൻഡും ഓസ്ട്രേലിയയുമാണ് ഈ കൂണുകളുടെ ജന്മദേശം. ഒന്നാംലോക മഹായുദ്ധകാലത്ത് സൈനിക സാമഗ്രികൾക്കൊപ്പം കടന്നുകൂടി ഇവ ഫ്രാൻസിൽ എത്തിപ്പെടുകയായിരുന്നു. ബ്രിട്ടനിൽ 1914 ലാണ് ഇവയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് എന്ന് വന്യജീവി സംഘടനകൾ വ്യക്തമാക്കുന്നു. മണ്ണിന് പുറത്തേയ്ക്ക് കാണപ്പെടുന്ന കൂണിന്റെ പ്രധാന ഭാഗം ചുവന്ന നിറത്തിൽ നീണ്ട് വളഞ്ഞിരിക്കുന്നവയാണ്. വിരലുകൾക്ക് പുറമേ നീരാളികളുടെ കൈകളോടും ഇവ ഉപമിക്കപ്പെടുന്നുണ്ട്.
വിചിത്ര ആകൃതിയും അതിൽ നിന്നുവരുന്ന ദുർഗന്ധവും മൂലം ഒക്ടോപ്പസ് സ്റ്റിങ്ക്ഹോൺ, ഒക്ടോപ്പസ് ഫംഗസ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. ഈ കൂണുകൾ മുളയ്ക്കുന്ന രീതിയിലുമുണ്ട് പ്രത്യേകത. നേർത്ത ആകൃതിയിൽ ജലാറ്റിൻ പോലെ തോന്നിപ്പിക്കുന്ന ഒരു മുട്ടയിൽ നിന്നുമാണ് ഇവ മുളച്ച് പുറത്തേക്ക് വരുന്നത്. തണ്ടു ഭാഗത്തിന് അഞ്ചു സെൻറീമീറ്റർ വരെ ഉയരം ഉണ്ടാകും. എന്നാൽ വിരലുകൾ പോലെ നീണ്ട ഭാഗങ്ങൾ ഏഴു സെൻ്റിമീറ്റർ നീളത്തിൽ വരെ വളരുന്നവയാണ്. ചുരുങ്ങിയത് നാല് വിരലുകൾ വരെ ഇവയ്ക്കുണ്ടാവും. മരങ്ങൾ നിറഞ്ഞ മേഖലകളിൽ കൊഴിഞ്ഞു കിടക്കുന്ന ഇലകൾക്കടിയിൽ നിന്നുമാണ് ഇവ മുളച്ചു പൊങ്ങി വരുന്നത്. കൂണുകൾ ദുർഗന്ധം പുറപ്പെടുവിക്കുന്നത് പരാഗണം നടത്താനുള്ള അവയുടെ തന്ത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അഴുകിയ മാംസത്തിന്റെ ഗന്ധം ഇതിലേയ്ക്ക് പ്രാണികളെ ആകർഷിക്കും. ഇവ വഴി ബീജങ്ങൾ പരക്കുകയും ചെയ്യും.
STORY HIGHLLIGHTS: devils-fingers-fungus-uk-warning