കോഴിക്കോട്: ഇന്ന് വിജയദശമി. കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ എത്തിയിട്ടുള്ളത്.
എഴുത്തിനിരുത്ത് നടക്കുന്ന ക്ഷേത്രങ്ങളിലും മറ്റു ഇടങ്ങളിലുമെല്ലാം പുലർച്ച മുതൽ വലിയ തിരക്കാണ്. തിരൂർ തുഞ്ചൻപറമ്പിൽ നാല് മണിക്ക് തന്നെ എഴുത്തിനിരുത്ത് ആരംഭിച്ചു. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ നേതൃത്വം നൽകി.
കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഗുരുവായൂർ, നെടുമ്പാശ്ശേരി ആവണംകോട് സരസ്വതീക്ഷേത്രം, പള്ളിക്കുന്ന് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര മണ്ഡപം, തൃശൂർ തിരുവുള്ളക്കാവ് എന്നിവിടങ്ങളിലെല്ലാം നിരവധി കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാൻ കുടുംബസമേതം എത്തിയിട്ടുള്ളത്.
ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രി പൂജവെപ്പ് ചടങ്ങുകൾ ഭക്തിനിർഭരമായിരുന്നു. കൂത്തമ്പലത്തിൽ അലങ്കരിച്ച സരസ്വതി മണ്ഡപത്തിൽ ഗ്രന്ഥങ്ങൾ പൂജവെച്ചു. ഗുരുവായൂരപ്പന്‍, സരസ്വതി ദേവി, ഗണപതി ചിത്രങ്ങള്‍ക്കു മുന്നില്‍ കീഴ്ശാന്തിക്കാര്‍ ദീപം തെളിയിച്ചു. ദീപാരാധനയ്ക്ക് ശേഷമായിരുന്നു പുസ്തകങ്ങളും കൃഷ്ണനാട്ടം കളരിയിലെ താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും സ്വീകരിച്ച് പൂജവെയ്പ് ചടങ്ങുകള്‍ ആരംഭിച്ചത്.
ഞായറാഴ്ച സരസ്വതി പൂജയും ശീവേലിയും പൂര്‍ത്തിയാകുന്നതോടെ വടക്കേ പത്തായപ്പുരയിലെ വിദ്യാരംഭം ഹാളിലേക്ക് ദേവീദേവന്‍മാരുടെ ചിത്രം എഴുന്നള്ളിക്കും. കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാര്‍ ആചാര്യന്‍മാരായി രാവിലെ ഏഴു മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കും.