ബെയ്റൂട്ട്: സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ക്യാംപുകൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന് യുഎസ്. വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ യുഎസ് എന്നാൽ സിറിയയിലെ ഏതു മേഖലയിലാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയില്ല. മേഖലയിൽ ഐഎസ് നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിനാണ് വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഐഎസിനെതിരെ പോരാടുന്ന യുഎസ് പിന്തുണയുള്ള സേനയ്ക്കൊപ്പം 900 യുഎസ് സൈനികരെയും കിഴക്കൻ സിറിയയിൽ വിന്യസിച്ചു. ഇറാഖിലും സിറിയയിലും ഐഎസ് സ്ലീപ്പർ സെല്ലുകളുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. യുഎസിനും സഖ്യകക്ഷികൾക്കും പങ്കാളികൾക്കുമെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കാനും നടത്താനുമുള്ള ഐഎസ് സംഘത്തിത്തിന്റെ കഴിവ് ഈ വ്യോമാക്രമണങ്ങൾ തടസ്സപ്പെടുത്തുമെന്ന് യുഎസ് സൈന്യം പറഞ്ഞു