മുംബൈ: മഹാരാഷ്ട്രയിലെ അജിത് പവാർ വിഭാഗം എൻസിപി നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ധീഖിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുമായി ബന്ധമെന്ന് പൊലീസ്. തങ്ങൾ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ അംഗങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചതായി മുംബൈ പാെലീസ് വ്യക്തമാക്കി. കഴിഞ്ഞ 25-30 ദിവസമായി പ്രതികൾ പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊലപാതകം നടത്താനായി മൂന്നു പേരാണ് ഓട്ടോറിക്ഷയിൽ എത്തിയത്. തുടർന്ന് അവസരം ഒത്തുകിട്ടാനായി കാത്തിരുന്നു. ഒടുവിൽ രാത്രി 9.15നും 9.20നും ഇടയിൽ അദ്ദേഹത്തിന്റെ മകന്റെ ഓഫീസിനു സമീപത്തുവച്ച് വെടിയുതിർക്കുകയായിരുന്നു. കാറിൽ കയറുന്നതിനിടെയായിരുന്നു പ്രതികൾ വെടിവച്ചത്. ഉടൻ തന്നെ മുബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മൂന്നാമനായി തിരച്ചിൽ ഊർജിതമാണെന്നും പൊലീസും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും അറിയിച്ചു. ഹരിയാന സ്വദേശി കർണൈൽ സിങ്, യുപി സ്വദേശി ധർമരാജ് കശ്യപ് എന്നിവരാണ് പിടിയിലായത്. വെടിവെപ്പിന് ഉപയോഗിച്ച 9.9 എംഎം പിസ്റ്റളും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. രക്ഷപെട്ട മൂന്നാമത്തെയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. കേസന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.