India

എൻസിപി നേതാവ് ബാബ സിദ്ദിഖി കൊലപാതകം; പ്രതികൾ ലോറൻസ് ബിഷ്‌ണോയി സംഘമെന്ന് പോലീസ് – ncp-leader-baba-siddique-murder-lawrence-bishnoi-gang-suspected

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പേർ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് മുംബൈ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഹരിയാന സ്വദേശി ഗുർമൽ സിങ്, യുപി സ്വദേശി ധരംരാജ് കാശ്യപ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

എം എൽ എ സീഷാൻ സിദ്ദിഖിന്റെ നിർമൽ നഗറിലെ ഓഫീസിന് സമീപമായിരുന്നു സംഭവം. ബാബ സിദ്ദിഖി മകൻ്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറുമ്പോൾ അക്രമികൾ 6-7 റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വെടിയുണ്ടകൾ നെഞ്ചിലും ഒരെണ്ണം അടിവയറ്റിലും പതിച്ചു.

ബോളിവുഡുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ബാബാ സിദ്ദിഖി. ദേശീയ മാധ്യമമായ എൻ ഡി ടി വി റിപ്പോർട്ട് അനുസരിച്ച്, ബാബ സിദ്ദിഖിക്ക് നടൻ സൽമാൻ ഖാനുമായുള്ള അടുപ്പമാണോ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പകയ്ക്ക് കാരണമെന്നും പോലീസ് പരിശോധിക്കുന്നു.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും മുംബൈ പോലീസ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ ലോറൻസ് ബിഷ്‌ണോയി സംഘത്തിലുള്ളവരാണെന്ന് സമ്മതിച്ചിരുന്നു. സുരക്ഷാ ഭീഷണി ഉള്ളതിനാൽ സിദ്ദിഖിക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പങ്കിനെ സംബന്ധിച്ചുള്ള കൊലപതാകാന്വേഷണം പുരോഗമിക്കുന്നുണ്ട്.

STORY HIGHLIGHT: ncp leader baba siddique murder lawrence bishnoi gang suspected