കൊല്ലം: മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷണന്റെ നിർദ്ദേശം തള്ളി മന്ത്രി കെ ബി ഗണേഷ് കുമാർ. മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമാണെന്ന് മന്ത്രി പ്രതികരിച്ചു. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയുമെന്നും ആത്മീയ പഠനമാണ് മദ്രസകളിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല, ബൈബിളാണെന്നും പത്തനാപുരത്ത് ഒസിവൈഎം രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കവെ മന്ത്രി ചൂണ്ടിക്കാട്ടി.
മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണെന്ന് മന്ത്രി പറഞ്ഞു. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ പഠിപ്പിക്കണമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. രാജ്യത്തെ മദ്രസ ബോർഡുകൾ നിറുത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശയുടെ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ചത്. മദ്രസ പഠനത്തെക്കുറിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ 71 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിനൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വെള്ളിയാഴ്ച അയച്ച കത്തിലാണ് മദ്രസകളുടെ അംഗീകാരം റദ്ദാക്കണം എന്നതുൾപ്പടെയുള്ള നിർദ്ദേശമുള്ളത്.
ബീഹാറിലെ മദ്രസകളിൽ പഠിപ്പിക്കുന്നത് പാകിസ്ഥാനിലെ പുസ്തകങ്ങളാണ്. മദ്രസകളിലെ പുസ്തകങ്ങളിൽ അംഗീകരിക്കാൻ കഴിയാത്ത ഉള്ളടക്കമുണ്ട്. പരിശീലനം കിട്ടാത്ത അധ്യാപകരാണ് മദ്രസകളിലുള്ളത്. യൂണിഫോം, പുസ്തകങ്ങൾ, ഉച്ചഭക്ഷണം തുടങ്ങിയ അവകാശങ്ങൾ മദ്രസകൾ ലംഘിക്കുന്നു. ഹിന്ദുക്കളെയും മറ്റ് മുസ്ലിം ഇതര കുട്ടികളെയും മദ്രസകളിൽ നിന്ന് ഉടൻ മാറ്റണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്നത്. മുസ്ലിം കുട്ടികൾ മറ്റു സ്കൂളുകളിൽ പഠിക്കുന്നു എന്ന് ഉറപ്പാക്കണം. ചട്ടം പാലിക്കാത്ത എല്ലാ മദ്രസകളുടെയും അംഗീകാരം റദ്ദാക്കി അടയ്ക്കണം എന്ന ശുപാർശയും കമ്മീഷൻ നൽകുന്നു. മദ്രസ ബോർഡുകൾ ആവശ്യമില്ലെന്നും ധനസഹായം നിറുത്തണമെന്നും കമ്മീഷൻ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.
അതേസമയം, മദ്രസകൾ പൂർണ്ണമായും അടച്ചു പൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബാലാവകാശ കമ്മീഷന്റെ നിർദ്ദേശമെന്നാണ് മതസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം സംഘപരിവാരിന്റെ അജണ്ടയെന്ന് മുസ്ലിം ലീഗ് വിലയിരുത്തി. പരസ്യപ്രതിഷേധത്തിനൊപ്പം നിയമപോരാട്ടവും നടത്താനുള്ള നീക്കം തുടങ്ങും. നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎൻഎൽ പ്രതികരിച്ചു. അതേസമയം, ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെങ്കിലും മൗലികാവകാശ ലംഘനമെന്ന പേരിൽ ദേശീയ തലത്തിൽ ഉയരുന്ന പ്രതിഷേധത്തിൽ പങ്ക് ചേരാനാണ് കേരളത്തിലെ മുസ്ലീം സംഘടനകളുടെ തീരുമാനം.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മദ്രസ നടത്തിപ്പിന് സർക്കാർ ധനസഹായമുണ്ടെങ്കിലും കേരളത്തിൽ മദ്രസാ വിദ്യാഭ്യാസ ബോർഡോ സർക്കാർ സാമ്പത്തിക സഹായമോ ഇല്ല. അതിനാൽ ദേശീയ ബാലാവകാശകമ്മീഷന്റെ നിർദ്ദേശം ഇവിടെ കാര്യമായി ബാധിക്കില്ല. ഇവിടെ മുജാഹിദ്, സുന്നി, ജമാഅത്ത് ഇസ്ലാമി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകമായി മദ്രസകൾ നടത്തുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാഭ്യാസത്തെ ബാധിക്കാതെ രാവിലെയും വൈകിട്ടുമായാണ് ക്ലാസുകൾ. അതിന്റെ പേരിൽ ഔപചാരികവിദ്യാഭ്യാസം ആരും വേണ്ടെന്ന് വെക്കുന്നുമില്ല.
കമ്മീഷന്റെ നിർദ്ദേശത്തിൽ കേരളത്തിലെ മദ്രസകളെക്കുറിച്ചും പരാമർശമുള്ളതും ഗൗരവമുള്ള വിഷയമാണ്. എന്നാൽ ഉത്തരേന്ത്യയിലെ പോലെയല്ല കേരളത്തിലെ സംവിധാനം. ഇവിടെ മുഴുസമയ മദ്രസാ പഠനം പൊതുവെ ഇല്ലെന്ന് മാത്രമല്ല മത പഠന കേന്ദ്രങ്ങൾ ഔപചാരിക വിദ്യാഭ്യാസവും ഇന്നത വിദ്യാഭ്യവും നൽകുന്നുണ്ട്. പക്ഷേ ദേശീയ തലത്തിൽ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമായതിനാൽ പിന്തുണയുമായി പ്രതിഷേധം ഇവിടെയും ഉയരും.
content highlight: k-b-ganesh-kumar-says