തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാസപ്പടിയിൽ പാർട്ടി മറുപടി പറയേണ്ടതില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഇത് കമ്പനികള്‍ തമ്മിലുള്ള വിഷയമാണ്. മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ ശ്രമിച്ചതിനെയാണ് എതിർത്തതെന്ന് കണ്ണൂരിൽ നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വ്യക്തമായ നിലപാട് പാർട്ടി മുൻപ് തന്നെ സ്വീകരിച്ചിട്ടുണ്ട്. കമ്പനികൾ തമ്മിലുള്ള പ്രശ്‌നത്തിലും തർക്കത്തിലും പാർട്ടി എന്ന നിലയിൽ മറുപടി പറയേണ്ട കാര്യമില്ല. പിണറായി വിജയനെന്ന മുഖ്യമന്ത്രിയേയും രാഷ്ട്രീയ നേതാവിനെയും ഈ കേസിലേക്ക് വലിച്ചിഴക്കാനാണ് ശ്രമം. ആ ശ്രമം രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ അന്നും ഇന്നും നാളെയും ഫലപ്രദമായി പ്രതിരോധിക്കും. കേസ് നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ അതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐഒ കേസ് മാർക്സിസ്റ്റുകാരും ബിജെപിക്കാരും കൂടി ഒതുക്കിയെന്നാണ് മാധ്യമങ്ങളെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. അന്ന് അതേ പ്രചാരണം നടത്തിയവർ ഇതിന്റെ വാർത്തകൾ വീണ്ടും കൊടുക്കുന്നു. കേസ് മുഖ്യമന്ത്രിയിലേക്കെത്തുന്നുവെന്നാണ് ഇപ്പോൾ പറയുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു.