തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കൊന്നും മറയ്ക്കാനില്ലെന്നും സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണെന്നും എന്നാൽ താൻ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
താൻ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ദ ഹിന്ദു ദിനപത്രം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണം കടത്തുമായി ബന്ധപ്പെട്ട് താൻ നടത്തിയത് രാജ്യ വിരുദ്ധ ശക്തികൾ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണ്. പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അത്തരത്തിൽ ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്ന് താൻ അഭിമുഖത്തിൽ പറഞ്ഞിട്ടില്ല. സ്വർണം കടത്ത് രാജ്യ വിരുദ്ധ പ്രവർത്തനമാണ്. വിശ്വാസ്യത ഇല്ലെന്ന പരാമർശത്തിൽ മുഖ്യമന്ത്രി പ്രതിഷേധവും അറിയിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണ്. വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നൽകാൻ കാലതാമസം ഉണ്ടായത്.
ഗവര്‍ണറെ അധികാരപരിധിയും മറുപടിയിൽ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണരുടെ രീതി പൊതു സമൂഹം അംഗീകരിക്കില്ലെന്നും മറുപടിയിൽ പറഞ്ഞു. കേരള പൊലീസിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് അന്വേഷണ വിവരങ്ങൾ. അത് പ്രകാരമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ ശക്തികൾ സ്വർണ കടത്ത് പണം ഉപയോഗിക്കുന്നതായി പൊലിസിന്‍റെ ഔദ്യോഗിക സൈറ്റിലിലില്ല.
സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു, നികുതി വരുമാനം കുറയുന്നു എന്ന അർഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്. ഇക്കാര്യം പൊലീസ് തന്നെ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട് ഇക്കാര്യത്തിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ശരിയല്ല. സ്വർണകടത്ത് താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങൾ കൈമാറണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയ്യാറല്ലെന്ന് സർക്കാർ അറിയിച്ചതോടെ ഗവർണർ അതിരൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. ഈ കത്തിന് അതേ ഭാഷയിൽ മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്ന് ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ അറിയിച്ചിരുന്നു.