Kerala

എസ്എഫ്ഐഒ അന്വേഷണം നാടകം, എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാൻ: പി വി അന്‍വര്‍

കോഴിക്കോട്: മാസപ്പടിയിലെ എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് പി.വി അൻവർ എംഎൽഎ. വീണയെ സംരക്ഷിക്കാൻ വേണ്ടിയാണ് എഡിജിപിക്ക് എതിരെയുള്ള നടപടി വൈകിയതെന്നും ഇനി ചിലപ്പോൾ എഡിജിപിയെ സസ്‌പെന്‍റ് ചെയ്തേക്കാമെന്നും അതും നാടകത്തിന്റെ ഭാഗമാകുമെന്നും അൻവർ പറഞ്ഞു.

ഈ വിഷയങ്ങളിലൊക്കെ ഇടനിലക്കാരൻ അജിത് കുമാറാണ്. അജിത് കുമാറിനെ തൊട്ടുകഴിഞ്ഞാൽ എല്ലാ കൊട്ടാരങ്ങളും തകർന്നു വീഴും. എന്തുവിലകൊടുത്തും അജിത് കുമാറിന്റെ തൊലിപ്പുറത്ത് ഒരു പോറൽ പോലും ഏൽക്കാതെ നോക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശ്രമിക്കുമെന്നും അൻവർ പറഞ്ഞു.

എസ്.എഫ്.ഐ.ഒ അന്വേഷണം വെറും നാടകമാണ്. ചോദ്യം ചെയ്യാൻ മദ്രാസിലേക്ക് വിളിച്ചാൽ തീർന്നോ. ഞാൻ ഉന്നയിച്ച വിഷയമെന്താണ്. ബി.ജെ.പിയും ആർ.എസ്.എസ്സും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള സെറ്റിൽമെന്റിന്റെ ഭാഗമാണിതൊക്കെ. അതുകൊണ്ടാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കാത്തത്. പറഞ്ഞ് മണിക്കൂറ് കഴിഞ്ഞപ്പോൾ അന്വേഷണം തുടങ്ങിയത് നാടകമായതിനാലാണെന്നും എസ്.എഫ്.ഐ.ഒ എവിടെയായിരുന്നു ഇത്രയും കാലമെന്നും അൻവർ ചോദിച്ചു.

ഒരു ദിവസം തന്നെ ഒരുകോടിയിലധികം രൂപയുടെ കരിമണൽ കണക്കിൽപ്പെടാതെ അവിടെനിന്ന് ഖനനം ചെയ്ത് പോകുന്ന രീതിയാണ് അവലംബിക്കുന്നത്. അവിടെ വരുന്ന വാഹനങ്ങൾക്ക് ഒരു കണക്കുമില്ല. ഈ സാധനം തൂക്കിവിൽക്കേണ്ട സാധനമാണ്. എന്നാൽ തൂക്കാനുള്ള സംവിധാനമില്ല. എസ്‌കവേറ്ററുകൾ മണ്ണു മാന്തുന്നതുപോലെ കരിമണൽ മാന്തി ലോറിയിലേക്കിടുന്നു. ആ ലോറി എങ്ങോട്ടാണ് പോകുന്നതെന്ന് പോലും അറിയില്ല. – അൻവർ പറഞ്ഞു.

തൃശൂർ പൂരംകലക്കൽ റിപ്പോർട്ട് പുറത്ത് വിടാത്തത് തെരഞ്ഞെടുപ്പ് ഭയന്നാണ്. പൂരം കലക്കൽ രാജ്യരഹസ്യമല്ല. അവർ എത്ര മൂടിവെച്ചാലും കേരളത്തിലെ ജനത്തിന് ഇത് മനസിലായിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. ചെന്നൈയിൽ എസ്എഫ്ഐഒ ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുമ്പാകെയാണ് വീണ ഹാജരായത്. അടുത്ത മാസം എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായക മൊഴിയെടുപ്പ്.നടന്നത്.

യാതൊരു സേവനവും നൽകാതെ കരിമണൽ കമ്പനിയായ സിഎംആര്‍എല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന മാസപ്പടി കേസിൽ, അന്വേഷണം തുടങ്ങി പത്ത് മാസം പിന്നിടുമ്പോഴാണ് വീണ വിജയനിൽ നിന്ന് നേരിട്ട് മൊഴി എടുത്തത്. അന്വേഷണ സംഘ തലവനും എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടറുമായ അരുൺ പ്രസാദ് നേരിട്ട് വീണയിൽ നിന്ന് മൊഴി രേഖപ്പെടുത്തി. ഇമെയിൽ മുഖാന്തരവും രേഖകളുമൊക്കെയായി നേരത്തെ നൽകിയ വിവരങ്ങൾ വീണ മൊഴിയായി ആവർത്തിച്ചു.