ബെയ്റൂത്ത്: തെക്കൻ ലബനാനിലെ യുഎൻ സമാധാന സേനയോട് അതിർത്തി പ്രദേശത്തുനിന്നു ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ സേനയുടെ ആക്രമണത്തിൽ യുഎൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു.
എന്നാൽ ആക്രമണത്തിനിരയായെങ്കിലും ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയായ യുനിഫിൽ, അതിർത്തി പ്രദേശത്ത് നിന്ന് തങ്ങളുടെ സേനാംഗങ്ങളെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നെതന്യാഹു ആവശ്യവുമായി യുഎൻ മേധാവി അൻ്റോണിയോ ഗുട്ടെറസിനെ സമീപിച്ചത്.
ഇസ്രായേൽ സൈന്യം യുനിഫിലിനോട് പലതവണ പ്രദേശത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാബിനറ്റ് യോഗത്തിൽ നെതന്യാഹു പറഞ്ഞു. ‘എന്നാൽ ഈ ആവശ്യം നിരന്തരം വിസമ്മതിച്ച അവർ ഹിസ്ബുല്ലക്ക് മനുഷ്യകവചം ഒരുക്കുകയാണ്. സൈനികരെ ഒഴിപ്പിക്കാനുള്ള നിങ്ങളുടെ വിസമ്മതം അവരെ ഹിസ്ബുല്ലയുടെ ബന്ദികളാക്കുകയാണ്. ഇത് അവരുടെയും ഇസ്രായേൽ സൈനികരുടെയും ജീവൻ അപകടത്തിലാക്കുന്നു,’- നെതന്യാഹു പറഞ്ഞു.
‘യൂനിഫിൽ സൈനികർക്ക് പരിക്കേറ്റതിൽ ഞങ്ങൾ ഖേദിക്കുന്നു. പരിക്കുകളില്ലാതാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ ഇത് ഉറപ്പാക്കാനുള്ള വ്യക്തമായ മാർഗം അവരെ അപകടമേഖലയിൽ നിന്ന് പിൻവലിക്കുക എന്നതാണ്.’- നെതന്യാഹു കൂട്ടിച്ചേർത്തു.