ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ഷാൻ മസൂദ് നായകനായ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർ താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ ഒഴിവാക്കി.
യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായാണ് ചിലതാരങ്ങളെ ഒഴിവാക്കിയതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. രണ്ടാം ടെസ്റ്റ് 15ന് മുൾട്ടാനിലും മൂന്നാം ടെസ്റ്റ് 24 മുതൽ റാവൽപിണ്ടിലാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ വിജയിച്ച ഇംഗ്ലണ്ട് 1-0 മുന്നിലാണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ബാബർ റൺസ് കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. 2022ലാണ് ബാബർ ടെസ്റ്റിൽ അവസാനമായി സെഞ്ച്വറി തികച്ചത്. ന്യൂസീലൻഡിനെതിരെ കറാച്ചിയില്‍ നടന്ന ടെസ്റ്റിൽ താരം 161 റൺസ് അടിച്ചെടുത്തിരുന്നു. എന്നാൽ, ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും 30, അഞ്ച് എന്നിങ്ങനെയാണ് ബാബറിന്‍റെ സ്കോർ. ബോളർമാർക്ക് യാതൊരു സാധ്യതയും നൽകാത്ത മുൾട്ടാനിലെ പിച്ചിലും ബാബർ ബാറ്റിങ്ങിൽ പരാജയപ്പെട്ടത് വലിയ വിമർശത്തിനിടയാക്കി. ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത് 500നു മുകളിൽ റൺസ് സ്കോർ ചെയ്തിട്ടും ഇംഗ്ലണ്ടിനു മുന്നിൽ നാണംകെട്ട തോൽവിയാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്.
തോൽവിക്കു പിന്നാലെ പരമ്പരയിലെ ബാക്കിയുള്ള രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിന് പി.സി.ബി പുതിയ സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അലീം ദർ, ആഖ്വിബ് ജാവേദ്, അസ്ഹർ അലി എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് ബാബറിനെയും മറ്റും ഒഴിവാക്കി രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. പി.സി.ബി ചെയർമാൻ മുഹ്സിൻ നഖ്വിയുമായും മെന്‍റർമാരുമായും കൂടിയാലോചിച്ച ശേഷമാണ് ടീമിനെ തെരഞ്ഞെടുത്തത്.
ടീം പാക്കിസ്ഥാൻ : ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പർ), കമ്രാൻ ഗുലാം, മെഹ്റാൻ മുംതാസ്, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുരൈര, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നോമൻ അലി, സയീം ആയുബ്, സജിദ് ഖാൻ, സൽമാൻ അലി ആഗ, സാഹിദ് മെഹ്മൂദ്.