കൊച്ചി: എറണാകുളത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജോസഫിന്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി വൈപ്പിൻ നായരമ്പലത്ത് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. നിലവിൽ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. രണ്ട് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രീതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സംശയിക്കുന്നുണ്ട്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ജോസഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകും.