Science

ഭൂമിയെ തകർക്കാനെത്തുന്ന ആ ഛിന്നഗ്രഹത്തെ കഴിക്കാൻ പറ്റുമോ ; വിചിത്രമായ പഠനം ഇങ്ങനെ | asteroids-future-of-space-food

ശൂന്യമായി കിടക്കുന്ന ബഹിരാകാശത്ത് ഭക്ഷണം കിട്ടാൻ യാതൊരു സാധ്യതയുമില്ല. എന്നങ്ങ് ഉറപ്പിക്കാൻ വരട്ടെ. ഛിന്നഗ്രഹങ്ങൾ ഉപയോഗിച്ച് ഭക്ഷണം കണ്ടെത്താമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭാവിയിൽ ബഹിരാകാശത്തേക്കു ദീർഘയാത്രകൾ പോകുന്ന ഡീപ് സ്‌പേസ് ദൗത്യങ്ങളിലായിരിക്കുമത്രേ ഇത് വളരെ നിർണായകമായി മാറുന്നത്ഛിന്നഗ്രഹം എടുത്ത് ബഹിരാകാശയാത്രികർക്ക് എങ്ങനെ കഴിക്കാൻ പറ്റും? ഇതിനും ശാസ്ത്രജ്ഞർ വഴി പറയുന്നു. ഛിന്നഗ്രഹത്തിലെ കല്ലും കട്ടയുമായിരിക്കില്ല യാത്രികർ കഴിക്കുന്നത്. മറിച്ച് ഛിന്നഗ്രഹത്തിലെ കാർബൺ ഭക്ഷിക്കാവുന്ന രീതിയിലേക്കു മാറ്റി ഉപയോഗിക്കുകയാകും അവർ ചെയ്യുക.

നിലവിൽ ബഹിരാകാശയാത്രികർ കൊണ്ടുപോകുന്നതുപോലത്തെ ഡ്രൈഫുഡ്, സ്‌പേസ് ഫാമിങ് മാതിരിയുള്ള ചെലവേറിയ രീതികൾ എന്നിവയുടെ ആവശ്യം ഇതോടെ ഇല്ലാതെയാകുമെന്ന് ഗവേഷകർ പറയുന്നു.മിഷിഗൻ ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിലാണ് പഠനം നടത്തിയത്. യുഎസ് പ്രതിരോധവകുപ്പ് നടത്തിയ ഒരു പഠനമാണ് ഇതിന് ആധാരമായി വന്നത്. പൈറോളിസിസ് എന്ന പ്രക്രിയ വഴി പ്ലാസ്റ്റിക് മാലിന്യത്തെ ഭക്ഷണമാക്കി മാറ്റുകയാണ് ഇതിൽ ചെയ്തത്. പ്ലാസ്റ്റിക് വാതകങ്ങൾ, ഓയിൽ, ചില ഖരവസ്തുക്കൾ എന്നിവയായി മാറി. ഗവേഷണത്തിൽ ഉപയോഗിച്ച ചില ബാക്ടീരിയകൾ ഓയിൽ അകത്താക്കുന്നവയാണ്. ഇവ ഓയിൽ എടുത്തശേഷം ഭക്ഷ്യയോഗ്യമായ ഖരവസ്തുക്കൾ അവശേഷിക്കും. ഇത് ഭക്ഷണമായി ഉപയോഗിക്കാം.

ഏകദേശം ഇതേ രീതിയാണ് പുതിയ ഗവേഷണത്തിലും അവലംബിച്ചത്.ഇതിനു മുൻപൊരു ഗവേഷണത്തിൽ വ്രിജെ യൂണിവേഴ്‌സിറ്റീറ്റ് ആംസ്റ്റർഡാമിലെ അന്നമീക് വാജെൻ ഉൽക്കാത്തരികൾ ഭക്ഷിക്കുന്ന സൂക്ഷ്മാണുക്കളെപ്പറ്റി ഗവേഷണം നടത്തിയിരുന്നു. ഉൽക്കകളിൽ ഇവയ്ക്ക് ജീവിക്കാൻ കഴിയുമെന്ന് ഗവേഷക സംഘം കണ്ടെത്തി. ഇത്തരം കണ്ടെത്തലുകൾ സംയുക്തമായി പരിഗണിച്ചാണ് പുതിയ ഗവേഷണം. കാർബൺ നല്ലരീതിയിലുള്ള ബെന്നു എന്ന ഛിന്നഗ്രഹത്തിൽ ബഹിരാകാശ സഞ്ചാരികൾക്ക് കാലങ്ങളോളം കഴിയാനാകുമെന്നും ഗവേഷകർ പറയുന്നു.എന്നാൽ ഇപ്പോഴേ ഛിന്നഗ്രഹത്തെ അങ്ങ് ഭക്ഷണമാക്കിയേക്കാം എന്നു കരുതേണ്ട. ഛിന്നഗ്രഹത്തിൽ നിന്നുള്ള ഭക്ഷ്യയോഗ്യമായ വസ്തുക്കളിൽ ഗഹനമായ ടോക്‌സിസിറ്റി ടെസ്റ്റുകൾ നടത്തിയ ശേഷമേ ഇതുറപ്പിക്കാൻ സാധിക്കൂ.

STORY HIGHLLIGHTS: asteroids-future-of-space-food