Sports

വനിതാ ടി20 ലോകകപ്പ്; ഇന്ത്യയെ കീഴടക്കി ഓസ്‌ട്രേലിയ സെമിയിൽ

ഷാര്‍ജ: വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ തോല്‍വി. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 151 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഗ്രേസ് ഹാരിസ് (40), തഹ്ലിയ മഗ്രാത് (32), എല്ലിസ് പെറി (32) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 54) ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സോഫി മൊളിനെക്‌സ് ഓസീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. തോല്‍വിയുടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് ഏറെക്കുറെ വിരാമമായി. വരുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാല്‍ ഇന്ത്യക്ക് എന്തെങ്കിലും സാധ്യത ബാക്കുയുള്ളൂ. നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുള്ള ഇന്ത്യ ഗ്രൂപ്പ് എ യില്‍ നിലവില്‍ രണ്ടാമതാണ്.

ഓസ്ട്രേലിയ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ ഷഫാലി വര്‍മയെ(20) നഷ്ടമായി. പിന്നാലെ സ്മൃതി മന്ദാന(6)ജെമീമ റോഡ്രിഗസും(16) കൂടാരം കയറി. നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മയുമാണ് ഇന്ത്യന്‍ സ്‌കോറുയര്‍ത്തിയത്. റിച്ച ഘോഷ്(1), പൂജ വസ്ട്രാക്കര്‍ എന്നിവര്‍ നിരാശപ്പെടുത്തി. അര്‍ധസെഞ്ചുറിയുമായി ഹര്‍മന്‍പ്രീത് കൗര്‍ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു.

നേരത്തേ നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് ഓസ്ട്രേലിയയെടുത്തത്. ഓപ്പണര്‍ ഗ്രേസ് ഹാരിസ്, തഹ്ലിയ മഗ്രാത്ത്, എല്ലിസ് പെറി എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് ഭേദപ്പെട്ടസ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് 17 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ഗ്രേസ് – മഗ്രാത് സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവരില്‍ മഗ്രാത്തിനെ പുറത്താക്കി രാധാ യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.

വൈകാതെ ഗ്രേസിനെ ദീപ്തി ശര്‍മയും പുറത്താക്കി. എന്നാല്‍ പെറി റണ്‍സുയര്‍ത്തി. ഫോബെ ലിച്ച്ഫീല്‍ഡ് (15), അല്ലബെല്‍ സതര്‍ലന്‍ഡ് (10) നിര്‍ണായക സംഭാവന നല്‍കി. പെറിയെ കൂടാതെ അഷ്‌ളി ഗാര്‍ഡ്‌നറാണ് (6) പുറത്തായ മറ്റൊരു താരം. ലിച്ച്ഫീല്‍ഡിനൊപ്പം മേഗന്‍ ഷട്ട് (0) പുറത്താവാതെ നിന്നു.ഇന്ത്യക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.