തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സമിതി രൂപീകരിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ കൺവീനറുമായാണ് സംസ്ഥാനതല സമിതി രൂപീകരിച്ചത്. റവന്യു, തദ്ദേശം എന്നീ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരും ലാൻഡ് റവന്യു കമ്മിഷണർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപഴ്സൻ, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്. ഈ മാസം 4ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ഭാഗമായാണു നടപടി. മുൻപ് ഉണ്ടായിരുന്ന സമിതികൾ നിർജീവമായ സാഹചര്യത്തിലാണ് സമിതികൾ പുനഃസംഘടിപ്പിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്.
ജില്ലാതലത്തിൽ കലക്ടർ അധ്യക്ഷനും തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറും ഡിവിഷൻതലത്തിൽ ആർഡിഒ അധ്യക്ഷനും തദ്ദേശ വകുപ്പ് അസി.ഡയറക്ടർ കൺവീനറുമായ സമിതികളും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ, ഡിവിഷൻതല സമിതികളിൽ പൊലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്.