ന്യൂഡൽഹി: ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ൻ. അങ്കലേശ്വറിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.
13,000 കോടി രൂപയുടെ ലഹരിമരുന്നാണ് രണ്ടാഴ്ചക്കിടെ ഡൽഹി പൊലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയിനും 40 കിലോ കഞ്ചാവുമാണ് രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തത്. രമേശ് നഗറിൽനിന്നാണ് നേരത്തെ മയക്കുമരുന്ന് പിടികൂടിയത്. ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ജിപിഎസ് വഴിയാണ് മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തിയത്. എന്നാൽ പ്രതികൾ ലണ്ടനിലേക്ക് രക്ഷപ്പെട്ടു.
അതിനിടെ, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മറ്റൊരു പരിശോധനയിൽ അന്തർ സംസ്ഥാന മയക്കുമരുന്ന് റാക്കറ്റ് രാജാവായ ഷാഹി മഹാത്മയുടെ നാല് കൂട്ടാളികളെ ഷിംലയിൽ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആശിഷ്, സിക്കന്ദർ താക്കൂർ, കുൽവന്ത്, നരേഹ് കുമാർ എന്നിവർ മഹാത്മയുടെ മയക്കുമരുന്ന് മാഫിയയിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. 2024 സെപ്തംബറിൽ അറസ്റ്റിലായ മഹാത്മയ്ക്ക് നൈജീരിയക്കാരുമായും മറ്റ് മയക്കുമരുന്ന് സംഘങ്ങളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.