സൈബര്‍ സാമ്പത്തിക തട്ടിപ്പാണ് കേരളത്തിലെ ഇപ്പോള്‍ നടക്കുന്ന പ്രധാന ക്രൈം. നിരവധി പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായിക്കഴിഞ്ഞു. എവിടെയോ ഇരുന്ന് ഫോണിലൂടെ വിളിച്ച് വീഡിയോകോളില്‍ അറസ്റ്റ് ചെയ്ത്, സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങുന്നവര്‍ ആരാണെന്നോ എവിടെയാണെന്നോ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ. തുച്ഛമായ കേസുകളില്‍ പണം തിരികെ കിട്ടുന്നണ്ടെങ്കിലും കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് വലിയ പ്രശ്‌നം.
ഈ വിഷയമായിരുന്നു അന്‍ല്‍ സാദത്ത് എം.എല്‍.എ സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ചത്. എല്ലാവരും അബിമുഖീകരിക്കുന്ന വലിയ പ്രശ്‌നമായതു കൊണ്ടുതന്നെ ഇതിനുള്ള മറുപടിയും പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. മുഖ്യമന്ത്രിയാണ് സൈബര്‍ സാമ്പത്തിക തട്ടിപ്പിന്റെ സബ്മിഷന് മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: “സൈബര്‍ സാമ്പത്തിക തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന് സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പോലീസ് വ്യാപകമായ ബോധവല്‍ക്കരണം നടത്തിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് സമഗ്രമായ സൈബര്‍ സുരക്ഷിത ‘ഫിന്‍ ഇക്കോ സിസ്റ്റം’ (Fin Eco System) ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇതിന് കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും സംയുക്ത ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് സൈബര്‍ പോലീസ് ഡിവിഷന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. അതോടൊപ്പം എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1930 എന്ന ടോള്‍ ഫ്രീ നമ്പരും, WWW.cybercrime.gov.in എന്ന വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്.
ഇത്തരം തട്ടിപ്പ് നടത്തിയ മുപ്പതിനായിരത്തിലേറെ ബാങ്ക് അക്കൗണ്ടുകള്‍ ഇതിനകം ബ്ലോക്ക് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ പ്രവര്‍ത്തനരഹിതമാക്കിയും പ്രതികളെ അറസ്റ്റ് ചെയ്തും കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.”
തട്ടിപ്പുകാര്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ തുടരുകയാണ്. സ്ഥിരമായി ഒരു രീതിയല്ല തട്ടിപ്പുകാരുടേത്. പണത്തിന് അത്യാവശ്യമുള്ളവരും, ഭപ്പെടുത്തി പണം അപഹരിക്കപ്പെടുന്നവരും ഒരുപോലെ വഞ്ചിതരായിക്കൊണ്ടിരിക്കുമ്പോള്‍ അന്വേഷണവും അത്യാധുനികമായി മാറേണ്ടതുണ്ട്. പോലീസ് സൈബര്‍ വിംഗ് അതിന് കൂടുതല്‍ ശ്രദ്ധയും നല്‍കുന്നുണ്ട്. എന്നാല്‍, തട്ടിപ്പുകള്‍ക്ക് കുറവില്ലെന്നതാണ് വസ്തുത.
CONTENT HIGHLIGHTS;Prevention of cyber financial fraud: Kerala is all set to come up with fin eco system