മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടി മിയ ജോര്‍ജ്. സീരിയലിലൂടെ അഭിനയരംഗത്തേക്ക് വന്ന മിയ 2010 ൽ പുറത്തിറങ്ങിയ ‘ഒരു സ്മോൾ ഫാമിലി’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെക്ക് കടന്നു വന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാവുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യപ്പെടുകയും ചെയ്തു.
പല സിനിമകൾക്കും ശമ്പളം പോലും കിട്ടിയിട്ടില്ലെന്നും അഡ്വാൻസ് മാത്രം കിട്ടിയ സിനിമയുണ്ടെന്നും പറയുകയാണ് മിയ. യെസ് മീഡിയ എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം അനുഭവം വ്യക്തമാക്കിയത്.
‘എനിക്കിഷ്ടം പോലെ ശമ്പളം കിട്ടാൻ ബാക്കിയുണ്ട്. ചിലപ്പോൾ പ്രൊഡ്യൂസർമാരുടെ സൈഡിൽ നിന്ന് അവർക്ക് കുറച്ച് ഫിനാൻഷ്യൽ പ്രശ്നമുണ്ടെന്ന് പറയും. ഡബ്ബിങിന്റെ സമയത്ത് പൈസ സെറ്റിൽ ചെയ്യാം എന്നാകും ചിലപ്പോൾ പറയുക. അത് കേൾക്കുമ്പോൾ നമ്മൾ സമ്മതിച്ചു പോവും. ശേഷം ഡബ്ബിങ്ങിന് പോകും. ഡബ്ബിങ് ചിലപ്പോൾ ഒന്ന് രണ്ട് ദിവസം കാണും. ആദ്യത്തെ ദിവസം തരില്ല. അപ്പോൾ നമ്മൾ വിചാരിക്കും നാളെയും കൂടി സമയം ഉണ്ടല്ലോ നാളെ തരുമായിരിക്കും എന്ന് പ്രതീക്ഷിക്കും. പിന്നെ പറയും ഫിനാൻഷ്യലി നമ്മൾക്ക് പ്രശ്നമുണ്ട് അതുകൊണ്ട് റിലീസ് ആകുമ്പോഴേക്കും തരാമെന്ന്. അപ്പോൾ നമ്മൾ വിചാരിക്കും മാർക്കറ്റിങ്ങിന് കുറെ പൈസ ഇറക്കിയിട്ടുണ്ട് അതുകൊണ്ടായിരിക്കും തരാത്തത് എന്ന് ചിന്തിക്കും. പടം തീയേറ്ററിലെത്തി കഴിയുമ്പോഴേക്കും അതിൽ നിന്ന് കിട്ടുന്ന വരുമാനം അനുസരിച്ച് സെറ്റിൽ ചെയ്യും എന്നും പ്രതീക്ഷിക്കും. ഞാനൊക്കെ അങ്ങനെ തരുമായിരിക്കും തരുമായിരിക്കും എന്ന് വിചാരിച്ചിട്ട് ഒരുപാട് സിനിമകൾക്ക് കാര്യമായിട്ട് ഒന്നും അഡ്വാൻസ് മാത്രം കിട്ടിയ സിനിമകളും ഉണ്ട്. നമ്മൾ ചോദിച്ചു കൊണ്ടിരിക്കും പക്ഷേ നമുക്ക് കിട്ടണമെന്നില്ല. ഒരു അഞ്ചുകൊല്ലം കഴിഞ്ഞ് ചോദിക്കുമ്പോഴും ഞാൻ ഇപ്പോഴും കുറച്ചു പ്രശ്നത്തിലാണ് പൈസ കിട്ടുമ്പോൾ ആദ്യം നിങ്ങളെ സെറ്റിൽ ചെയ്യും എന്ന് പറയും’ മിയ പറഞ്ഞു.
കൂടാതെ മിടുക്കുള്ള താരങ്ങൾ ഡബ്ബിങ്ങിന് വരാതെ പൈസ വേണമെന്ന് വാശിപിടിച്ച് പൈസ വാങ്ങിക്കൊണ്ടു പോകുന്നവരും ഉണ്ട്. ഇത് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും സാലറി കിട്ടാതെ വരുന്ന ഇതേ അനുഭവം ഉണ്ട് എന്നും മിയ കൂട്ടിച്ചേർത്തു.
STORY HIGHLIGHT: miya george talks about her movies and remuneration