മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് 6,000 കോടി രൂപയുടെ വാതുവെപ്പ് അഴിമതി കേസിലാണ് സൗരഭ് ചന്ദ്രശേഖറിന് റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയത്.
ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസിനെത്തുടര്‍ന്ന് യു.എ.ഇയില്‍ അറസ്റ്റുചെയ്യപ്പെട്ട സൗരഭ് ചന്ദ്രശേഖറിനെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. ഛത്തീസ്ഗഢിലെ ഭിലായിയില്‍നിന്ന് തുടങ്ങി 6,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പെടുത്ത വ്യക്തിയാണ് സൗരഭ് ചന്ദ്രശേഖര്‍. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ദുബായില്‍ വീട്ടുതടങ്കലിലാണ് സൗരഭ് ചന്ദ്രശേഖരും പാര്‍ട്ണര്‍ രവി ഉപ്പലും. ഇരുവരും മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് 508 കോടി രൂപയുടെ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ഭിലായിയിലെ ജ്യൂസ് കട നടത്തിയിരുന്ന ചന്ദ്രശേഖര്‍ രവി ഉപ്പലിനൊപ്പം ചേര്‍ന്നാണ് മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഭാഗമാവുന്നത്. ഇരുവും 2019-ല്‍ ദുബായിയിലേക്ക് ചേക്കേറി.
മലേഷ്യയിലും തായ്‌ലന്‍ഡിലും യു.എ.ഇയിലും ഇന്ത്യയിലും പ്രധാന നഗരങ്ങളില്‍ കോള്‍ സെന്റര്‍ സ്ഥാപിച്ചാണ് മഹാദേവ് ആപ്പിന്റെ പ്രവര്‍ത്തനംവ്യാപിപ്പിച്ചത്. ഇരുവരുടേയും വിശ്വസ്തരായ സുനില്‍ ധമാനി, അനില്‍ ധമാനി എന്നിവരുടെ സഹായത്തോടെ ഛത്തീസ്ഗഢിലും മറ്റ് സംസ്ഥാനങ്ങളിലുമായി 30-ഓളം കോള്‍ സെന്ററുകളാണ് സ്ഥാപിച്ചത്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 4,000-ത്തിലേറെ പാനല്‍ ഓപ്പറേറ്റേഴ്‌സ് കമ്പനിക്കുവേണ്ടി പ്രവര്‍ത്തിച്ചതായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പറയുന്നു. പന്തയംവെക്കുന്ന 200-ഓളം ഉപഭോക്താക്കളെയാണ് ഓരോരുത്തരും കൈകാര്യംചെയ്യുന്നത്. ദിവസേന ഇതിലൂടെ ഇരുവരും ചേര്‍ന്ന് 200 കോടിയോളം സമ്പാദിച്ചുവെന്നും ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.
ചന്ദ്രശേഖര്‍ വിവാഹത്തിന് 200 കോടി രൂപ പണമായി മാത്രം ചെലവാക്കിയെന്നാണ് ഇ.ഡി. കുറ്റപത്രപ്രകാരം പറയുന്നത്. ടൈഗര്‍ ഷ്റോഫും സണ്ണി ലിയോണ്‍ അടക്കമുള്ള താരങ്ങളും വിവാഹത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചതായും ഇ.ഡിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ആതിഫ് അസ്ലം, റാഹത് ഫത്തേഹ് അലിഖാന്‍, അലി അസ്ഗര്‍, വിശാല്‍ ദദ്ലാനി, ഭാഗ്യശ്രീ, എന്നിവരടക്കം വിവാഹത്തില്‍ പങ്കെടുത്തതായി പറയുന്നു.കല്യാണത്തിനെത്തിയ സെലിബ്രിറ്റികള്‍ക്ക് ഹവാല പണമായി കോടികള്‍ പ്രതിഫലം നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.