സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുന്നവരുടെ തുടര്‍ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെയാണ് ഇവരുടെ തുടര്‍ ചികിത്സ ഉറപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ സമയബന്ധിതമായി ക്യാമ്പുകള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. പൂര്‍ണമായും സൗജന്യമായ ഈ മെഡിക്കല്‍ ക്യാമ്പുകളില്‍, പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, യോഗ പരിശീലനം എന്നിവയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മെഡിക്കല്‍ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യമായിട്ടാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തിനായി ഇങ്ങനെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. മാതൃ ശിശു ആരോഗ്യമാണ് ഈ ക്യാമ്പുകളിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. വിളര്‍ച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങള്‍, വയോജനാരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തിക്കുക. സമൂഹത്തിന്റെ ആരോഗ്യത്തിന് വ്യക്തികളുടേയും കുടുംബങ്ങളുടേയും ആരോഗ്യം അനിവാര്യമാണ് എന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണ് ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ 608 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നത്. ഈ വര്‍ഷം ആയുഷ് വകുപ്പ് സംസ്ഥാനത്തുടനീളം 2408 വയോജന ക്യാമ്പുകള്‍ നടത്തുകയുണ്ടായി. നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. ഈ കാലഘട്ടത്തില്‍ 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിച്ചു. രണ്ടാംഘട്ടത്തില്‍ 100 സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ആയിരത്തോളം യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. വീടുകളില്‍ നിന്നും സഹോദരിമാര്‍ ഉള്‍പ്പെടെ ഈ യോഗ ക്ലബ്ബുകളിലേക്ക് എത്തി യോഗ പരിശീലിക്കുന്ന കാഴ്ചയാണ് കണ്ടത്. ആ പ്രോത്സാഹനത്തിന്റെ അടിസ്ഥാനത്തില്‍ പതിനായിരത്തോളം യോഗ ക്ലബുകള്‍ ഈ വര്‍ഷം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിക്കാന്‍ പോവുകയാണ്. ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള തുടര്‍ച്ചയായ ആരോഗ്യ ഇടപെടല്‍ ഈ മേഖലയില്‍ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. നവജാത ശിശുക്കളുടെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി അനീമിയ കൂടി ഉള്‍പ്പെടുത്തി. സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്കായി ആദ്യമായി പോയിന്റ് ഓഫ് കെയര്‍ ചികിത്സ ലഭ്യമാക്കി. അനീമിയ പരിഹരിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന വിവ കേരളം പോലുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇത്തരം ക്യാമ്പുകളിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. എം.പി. ബീന, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.