രഞ്ജി ട്രോഫിയില്‍, പുതിയ സീസണ്, വിജയത്തോടെ ഉജ്ജ്വല തുടക്കമിട്ട് കേരളം. സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സെന്ന വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷം, ശക്തമായി തിരിച്ചു വന്നാണ് കേരളം വിജയം സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റിന് 23 റണ്‍സെന്ന നിലയിലാണ് പഞ്ചാബ് അവസാന ദിവസം കളി തുടങ്ങിയത്. എന്നാല്‍ കളി തുടങ്ങി ആറാം ഓവറില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ക്രിഷ് ഭഗതിനെ ബാബ അപരാജിത് മടക്കി. വൈകാതെ 12 റണ്‍സെടുത്ത നേഹല്‍ വധേരയെയും ബാബ അപരാജിത് തന്നെ ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന അന്‍മോല്‍പ്രീത് സിങ്ങും പ്രഭ്‌സിമ്രാന്‍ സിങ്ങും പഞ്ചാബിന് പ്രതീക്ഷ നല്കി.
ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 51 റണ്‍സെടുത്ത പ്രഭ്‌സിമ്രാനെ മടക്കി ജലജ് സക്‌സേന കേരളത്തെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. വെറും 21 റണ്‍സിനിടെ പഞ്ചാബിന്റെ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി വീണു. ആദിത്യ സര്‍വാതെയും ബാബ അപരാജിത്തും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റ് ജലജ് സക്‌സേനയും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം വിജയം മാത്രം ലക്ഷ്യമാക്കി ഏകദിന ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. രോഹന്‍ കുന്നുമ്മലിന്റെ അതിവേഗ ഇന്നിങ്‌സ് തുടക്കത്തില്‍ തന്നെ കേരളത്തിന് മുന്‍തൂക്കം നല്കി. 36 പന്തില്‍ 48 റണ്‍സുമായി രോഹന്‍ മടങ്ങിയെങ്കിലും സച്ചിന്‍ ബേബിയും തുടര്‍ന്നെത്തിയ ബാബ അപരാജിത്തും മികച്ച രീതിയില്‍ ബാറ്റിങ് തുടര്‍ന്നു.സച്ചിന്‍ ബേബി 56 റണ്‍സെടുത്തു. ബാബ അപരാജിത് 39 റണ്‍സോടെയും സല്‍മാന്‍ നിസാര്‍ ഏഴ് റണ്‍സോടെയും പുറത്താകാതെ നിന്നു.
പുതിയ സീസണ് വിജയത്തോടെ തുടങ്ങാനായത് കേരളത്തിന് ആത്മവിശ്വാസമേകും. കേരളത്തിന് വേണ്ടി ഇറങ്ങിയ മൂന്ന് അതിഥി താരങ്ങളും തിളങ്ങിയതാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ആദിത്യ സര്‍വാതെ രണ്ട് ഇന്നിങ്‌സുകളിലായി ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, ജലജ് സക്‌സേന ഏഴ് വിക്കറ്റും സ്വന്തമാക്കി. നാല് വിക്കറ്റിനൊപ്പം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് കൊണ്ടും മികവ് പുറത്തെടുത്ത ബാബ അപരാജിത്തിന്റെ പ്രകടനവും ശ്രദ്ധേയമായി. 18ന് ബംഗളൂരുവില്‍ കര്‍ണ്ണാടകവുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
CONTENT HIGHLIGHTS;Kerala beats Punjab in Ranji: Brilliant win by eight wickets; Sachin and Baba are stars