Sports

സി കെ നായിഡു ട്രോഫി;ചണ്ഡീഗഢിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

സി കെ നായിഡു ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ കേരളത്തിന് മികച്ച സ്‌കോര്‍. ഷോണ്‍ റോജറിന്റെ സെഞ്ച്വറി മികവില്‍ കേരളം ആദ്യ ഇന്നിങ്‌സില്‍ 384റണ്‍സെടുത്തു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ചണ്ഡീഗഢ് നാല് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റിന് 325 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം കളിയാരംഭിച്ച കേരളത്തിന് 59 റണ്‍സ് കൂടി മാത്രമാണ് ചേര്‍ക്കാനായത്. 24 റണ്‍സെടുത്ത ഏദന്‍ ആപ്പിള്‍ ടോമാണ് ആദ്യം മടങ്ങിയത്. സ്‌കോര്‍ 372ല്‍ നില്‍ക്കവേ ഷോണ്‍ റോജറുടെ വിക്കറ്റും നഷ്ടമായി. 14 ഫോറും നാല് സിക്‌സുമടക്കം 165 റണ്‍സെടുത്ത ഷോണിന്റെ ഉജ്ജ്വല ഇന്നിങ്‌സാണ് കേരളത്തിന് കരുത്തായത്. കിരണ്‍ സാഗര്‍ 12ഉം അഖിന്‍ രണ്ടും റണ്‍സെടുത്തു. ചണ്ഡിഗഢിന് വേണ്ടി ഇവ്രാജ് രണൌട്ട ഏഴ് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് ഓപ്പണര്‍മാരായ ദേവാങ് കൌശിക്കും അര്‍ണവ് ബന്‍സലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 92 റണ്‍സ് പിറന്നു. അര്‍ണവ് ബന്‍സല്‍ 62 റണ്‍സെടുത്ത് പുറത്തായി. ദേവാങ് കൌശിക്ക് 83 റണ്‍സുമായി പുറത്താകാതെ നില്ക്കുകയാണ്. 49 റണ്‍സുമായി നിഖിലും ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി കിരണ്‍ സാഗര്‍ രണ്ട് വിക്കറ്റും ഷോണ്‍ റോജറും ജെ എസ് അനുരാജും ഓരോ വിക്കറ്റും വീഴ്ത്തി.