ലോകത്ത് മനുഷ്യൻ കണ്ടെത്താത്ത പല അദ്ഭുതങ്ങളും ഇന്നും ഒളിച്ചിരിപ്പുണ്ട് എന്നതാണ് സത്യം. കാലാന്തരങ്ങളിൽ ഇവയെല്ലാം ഒന്നൊന്നായി വെളിപ്പെടാം. ഇത്തരത്തിൽ ഒരു സംഭവം 1991ൽ വിയറ്റ്നാമിൽ ഉണ്ടായി. അതിമനോഹരവും കൗതുകകരമായ ഒരു ഗുഹയായിരുന്നു കണ്ടെത്തിയത്. സൺ ഡൂങ് എന്നായിരുന്നു ആ ഗുഹയുടെ പേര്. ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണ്. ഹോ ഖാൻ എന്നയാൾ വിയറ്റ്നാമിലെ ഫോങ് നാ–കെ ബാംഗ് നാഷനൽ പാർക്കില്‍ കാട്ടിലൂടെ ട്രക്കിങ് നടത്തവെ കൊടുങ്കാറ്റിൽപ്പെട്ടു. അവിടെനിന്നും അഭയം തേടുന്നതിനിടെയാണ് അദ്ദേഹം ഒരു ഗുഹയുടെ പ്രവേശന കവാടം കണ്ടത്. എന്നാൽ അയാൾ അകത്ത് കയറാൻ തയാറായില്ല. അയാൾ അവിടെനിന്നും പോയി. പിന്നീട് ആ സ്ഥലം മറക്കുകയും ചെയ്തു.
വർഷങ്ങൾക്ക് ശേഷം ബ്രിട്ടിഷ് കേവ് റിസർച്ച് അസോസിയേഷനിൽ നിന്നുള്ള ഹോവാർഡ്, ഡെബ് ലിംബെർട്ട് എന്നിവരോട് ഗുഹയിലെ നദിയെക്കുറിച്ചും ഒരു ഗുഹയുടെ കവാടം കണ്ടതിനെക്കുറിച്ചും പങ്കുവച്ചു. 2009ൽ ബ്രിട്ടിഷ്– വിയറ്റ്നാം പര്യവേഷണ സംഘം ഗുഹയിൽ ഔദ്യോഗിക സർവേ നടത്തി. 38.5 ദശലക്ഷം ചതുരശ്ര മീറ്ററുള്ള ഗുഹയായിരുന്നു അത്. 2013ൽ ലോകത്തെ ഏറ്റവും വലിയ ഗുഹയായ സൺ ഡൂഗിനെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ രേഖപ്പെടുത്തി. ഗുഹയ്ക്കകത്തെ കൗതുക കാഴ്ചകൾ കാണാൻ കഠിനമേറിയ യാത്ര ആവശ്യമാണ്. എങ്കിലും നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
STORY HIGHLLIGHTS : son-doong-cave-worlds-largest