Kerala

സ്വ​കാ​ര്യ ബാ​ങ്ക് വീ​ട് ജ​പ്തി ചെ​യ്തു, പോകാനിടമില്ല; വീ​ട്ട​മ്മ​യും മ​ക്ക​ളും പെ​രു​വ​ഴി​യി​ൽ

കൊച്ചി: മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് വീട് ജപ്തി ചെയ്തതോടെ അമ്മയും മക്കളും പെരുവഴിയില്‍. എറണാകുളം വടക്കേക്കരയിലാണ് സംഭവം. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കൾക്കുമാണ് ഇങ്ങനെ ഒരു അവസ്ഥ വന്നിരിക്കുന്നത്.

പുറത്തിറക്കപ്പെട്ടിട്ടും വീടിന് പുറത്ത് തന്നെ ഇരിക്കുകയാണ് സന്ധ്യയും മക്കളും. തനിക്കെങ്ങോട്ടും പോകാനില്ലെന്ന് സന്ധ്യ പറയുന്നു. അയല്‍ വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ട് വന്നെങ്കിലും തന്‍റെ വീട്ടില്‍ കയറിയില്ലെങ്കില്‍ ഒരു വറ്റ് പോലും ഇറങ്ങില്ലെന്ന് പറയുകയാണ് സന്ധ്യ.

2019ല്‍ നാല് ലക്ഷം രൂപയാണ് വായ്പയെടുത്തത്. മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനത്തിന്റെ നടപടി. എന്നാല്‍ നാല് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി.

ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തത്. രണ്ട് വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഭര്‍ത്താവ് വരുത്തിവച്ച കടമാണെന്നും ഭര്‍ത്താവ് രണ്ട് മക്കളേയും തന്നെയും തനിച്ചാക്കി ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറയുന്നു.

ഒരു വസ്ത്രവ്യാപാക സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് നിലവില്‍ സന്ധ്യ. തന്റെ വരുമാനം വീട്ടുചെലവുകള്‍ക്കല്ലാതെ വായ്പ അടക്കാന്‍ തികയുന്നില്ലെന്ന് സന്ധ്യ പറയുന്നു.

പന്ത്രണ്ടും ഏഴും വയസുള്ള രണ്ട് മക്കളാണ് സന്ധ്യക്കുള്ളത്. സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവന്ന മക്കളെ നേരം ഇരുട്ടുന്നതിന് മുന്‍പ് സുരക്ഷിതമായ ഏത് സ്ഥലത്തേക്ക് മാറ്റുമെന്ന ചിന്തയിലാണ് സന്ധ്യ. ജോലി സ്ഥലത്തുനിന്ന് സന്ധ്യയും സ്‌കൂളില്‍ നിന്ന് കുട്ടികളും എത്തുന്നതിന് മുന്‍പേ ബാങ്ക് അധികൃതര്‍ താഴ് തല്ലിപ്പൊളിച്ച് ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ചെന്നാണ് സന്ധ്യയും അയല്‍വാസികളും ആരോപിക്കുന്നത്.

എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഈ കുടംബത്തിന് കൈത്താങ്ങാകാം.

അക്കൗണ്ട് വിവരങ്ങള്‍

സന്ധ്യ കെ ടി
അക്കൗണ്ട് നമ്പർ: 40548101051694
Ifsc code: KLGB0040548
Bank: Kerala Gramin Bank
North paravoor branch
ഗൂഗിൾ പേ 8590099278