ന്യൂഡൽഹി: ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ചതിന് പിന്നാലെ ഇന്ത്യ കടുത്ത നിലപാടിലേക്ക്. കേസിൽ പ്രതിയാക്കാനായി ഹൈക്കമീഷണർ അടക്കം കാനഡ ലക്ഷ്യമിടുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. ഇവരുടെ സുരക്ഷ കാനഡ ഉറപ്പാക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യയുടെ നീക്കം. തീവ്രവാദികളെ സഹായിക്കുന്ന കനേഡിയൻ നയത്തിന് ഇന്ത്യ മറുപടി നൽകുമെന്നും വാർത്താക്കുറിപ്പിലൂടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും സഞ്ജയ് വര്‍മ്മ അടക്കമുള്ള നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാന്‍ കാനഡയ്ക്ക് കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അതേസമയം ഡല്‍ഹിയിലുള്ള കനേഡിയന്‍ ഹൈക്കമ്മിഷണറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നുള്ള മുന്നറിയിപ്പും ഇന്ത്യ നല്‍കിയിട്ടുണ്ട്. കാനഡ ഏതെങ്കിലും തരത്തിലുള്ള നടപടിയുമായി മുന്നോട്ടുപോയാല്‍ ഇന്ത്യയും സമാനമായ രീതിയില്‍ തിരിച്ചടിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കാനഡയിലെ ഹൈക്കമ്മിഷണറായ സഞ്ജയ് വര്‍മ്മ അന്വേഷണത്തിന്റെ പരിധിയിലാണെന്ന് കാനഡ അറിയിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ട്രൂഡോയുടേത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. അജണ്ട വെച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഇതിന്റെ പേരില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
നേരത്തെ കാനഡ സർക്കാരിന്‍റെ നീക്കത്തിൽ കനേഡിയൻ ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറെ പ്രതിയാക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
2023 ജൂൺ 18-ന് ആയിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കാനഡയിൽ വെടിയേറ്റ് മരിക്കുന്നത്. ബെെക്കിലെത്തിയ അജ്ഞാതർ ഇയാളെ വെടിവെച്ച് വീഴ്ത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. പഞ്ചാബിൽ പുരോഹിതനെ കൊലപ്പെടുത്തിയതുൾപ്പടെ നിരവധി കേസുകൾ ഇയാൾക്കെതിരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു.