കോഴിക്കോട് എടച്ചേരിയിലെ ഡിവൈഎഫ്ഐ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാന്‍ പൊലീസ്. കോൺഗ്രസ് എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷിനെതിരെയുള്ള കൊലവിളി പ്രസംഗത്തിലാണു കേസെടുക്കുക. നിജേഷിന്റെ മൊഴിയെടുക്കും. മുച്ചുകുന്ന് കോളജിനു മുന്നിലെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. നിജേഷിന്റെ പരാതിയിൽ കേസെടുക്കാതെ, സിപിഎം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതു വിവാദമായിരുന്നു. വീണ്ടും പരാതി നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നു നിജേഷ് പറഞ്ഞു.
വീട്ടില്‍ കയറി കയ്യും കാലും അടിച്ചുപൊട്ടിക്കും എന്നായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണി. നിജേഷിനെ പട്ടിയെ തല്ലും പോലെ തെരുവിലിട്ട് തല്ലുമെന്നും നിജേഷ് ഇനി ഇരിക്കണോ കിടക്കണോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കുമെന്നും പ്രസംഗത്തിലുണ്ടെന്നു നിജേഷ് പറഞ്ഞു. പുഷ്പന്‍റെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് വാട്സാപ് ഗ്രൂപില്‍ ഷെയര്‍ ചെയ്തതിനു സിപിഎമ്മിന്‍റെ പരാതിയിൽ നിജേഷിനെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പ് ചേർത്താണ് എടച്ചേരി പൊലീസ് കേസെടുത്തത്. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് പ്രതികരിച്ചു.