ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്. ചെന്നൈയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചു.
ചെന്നൈ, കാഞ്ചിപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മുന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകാൻ ഐടി കമ്പനികൾക്ക് സർക്കാർ നിർദേശം നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും വരുന്ന നാല് ദിവസം ഏറെ നിർണ്ണായകമാണെന്നും കനത്ത ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചു. ഒക്ടോബർ 14 നും 17 നും ഇടയിൽ തമിഴ്നാട്ടിലെ വടക്കൻ തീരദേശ ജില്ലകളിൽ 40 സെൻ്റീമീറ്റർ വരെ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഒരു ദിവസം 20 സെൻ്റീമീറ്റർ മഴ പെയ്യാൻ സാധ്യതയുണ്ട്, ഇത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായി വടക്കുപടിഞ്ഞാറോട്ട് നീങ്ങിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. അടുത്ത രണ്ട് ദിവസങ്ങളില്‍ വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് ന്യൂനമര്‍ദ്ദം സഞ്ചരിക്കും. ഇതിന്റെ ഭാഗമായി തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ 14–16 മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.