ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെയാണ് നടപടി.
ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ അടക്കമുള്ള 6 ഉദ്യോഗസ്ഥരെയാണ് കുറ്റകൃത്യങ്ങളിൽ പങ്കെന്ന് ആരോപിച്ച് പുറത്താക്കിയത്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ടുയർന്ന നയതന്ത്ര തർക്കം ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീർത്തും വഷളാക്കി.
കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ ഇന്ന് വൈകിട്ട് പുറത്താക്കിയിരുന്നു. ആക്ടിംഗ് ഹൈകമ്മീഷണർ അടക്കം ആറുപേരെയാണ് ഇന്ത്യ പുറത്താക്കിയത്. ശനിയാഴ്ചക്കകം ഇന്ത്യയിൽനിന്ന് പോകണമെന്നാണ് നിർദേശം. ആക്ടിങ് ഹൈകമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈകമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ, ഇയാൻ റോസ് ഡേവിഡ് ട്രൈറ്റസ്, ആദം ജെയിംസ് ചുയ്പ്ക, പൗല ഒർജുവേല എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജര്‍ വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുകൾ ആരംഭിച്ചത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരർക്കും തീവ്രവാദികൾക്കും കാനഡ അഭയം നൽകിയെന്നും ഇന്ത്യ ആരോപിച്ചു.