ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഒമര്‍ അബ്ദുള്ളയെ ക്ഷണിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഈ മാസം 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള കാശ്മീരിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെയാണ് ഒമര്‍ അബ്ദുള്ള നയിക്കുക.ആറ് വര്‍ഷത്തെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിരുന്നു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസാണ് ഭരണം പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്തത്.
ജമ്മു കാശ്മീരിന് പ്രത്യേക പദവി ലഭിച്ചതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ നടന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി കാശ്മീര്‍ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2014-ല്‍ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 90 സീറ്റുകളിലേക്കായി മൂന്ന് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം 48 സീറ്റില്‍ വിജയിച്ചാണ് ഭൂരിപക്ഷം നേടിയത്.