Sports

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ തകർത്ത് ന്യൂസിലൻഡ് സെമിയിൽ, ഇന്ത്യ പുറത്ത്

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്ത്. നിര്‍ണായകമായ ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലൻഡ് പാകിസ്താനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ പുറത്തായത്.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന് സെമിയിലെത്താന്‍ 10.4 ഓവറിനുള്ളില്‍ വിജയലക്ഷ്യം മറികടക്കണമായിരുന്നു. പാകിസ്ഥാന്‍ 11.4 ഓവറിനുശേഷം ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്കും സെമിയിലെത്താമായിരുന്നു. എന്നാല്‍ തോറ്റതിനൊപ്പം പാകിസ്ഥാന്‍ ഇന്ത്യയുടെയും സാധ്യതകള്‍ ഇല്ലാതാക്കി.

28-5ലേക്ക് തകര്‍ന്നടിഞ്ഞ പാകിസ്ഥാനായി ക്യാപ്റ്റന്‍ ഫാത്തിമ സന 21 റണ്‍സുമായി പൊരുതിയപ്പോള്‍ വിജയപ്രതീക്ഷ ഉയര്‍ന്നെങ്കിലും 15 റണ്‍സെടുത്ത മുനീബ അലിക്കൊഴികെ മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. കിവീസിനായി അമേലിയ കെര്‍ മൂന്നും എഡെന്‍ കാഴ്സണ്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 110 റണ്‍സില്‍ അവസാനിച്ചിരിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 6.3 ഓവറില്‍ സൂസി ബേറ്റ്സും(29 പന്തില്‍ 28), ജോര്‍ജിയ പ്ലിമ്മറും(14 പന്തില്‍ 17) ചേര്‍ന്ന് 41 റണ്‍സടിച്ചശേഷമാണ് കിവീസ് 110 റണ്‍സിലൊതുങ്ങിയത്.

ക്യാപ്റ്റന്‍ സോഫി ഡിവൈന്‍(19, ബ്രൂക്ക് ഹാളിഡേയും(24 പന്തില്‍ 22) എന്നിവരുടെ പോരാട്ടമാണ് ന്യൂസിലന്‍ഡിനെ 100 കടത്തിയത്. പാകിസ്ഥാന് വേണ്ടി നഷാഷ സന്ധു 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍നിന്ന് എട്ട് പോയന്റുമായാണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും ടീം വിജയിച്ചു. നാല് മത്സരങ്ങളില്‍നിന്ന് ആറ് പോയന്റോടെ ​ഗ്രൂപ്പിൽ രണ്ടാമതായാണ് ന്യൂസിലൻഡ് അടുത്ത റൗണ്ടിലെത്തിയത്. രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയന്റുമായി ഇന്ത്യ ​ഗ്രൂപ്പിൽ മൂന്നാമതാണ്.