കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. മുസ്‌ലിം ലീഗ് പ്രവർത്തകരായ എട്ട് പ്രതികൾക്കുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കുക. തൂണേരി, വെള്ളൂർ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കി. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഷിബിൻ വധകേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ മുസ്‌ലിം ലീഗ് പ്രവർത്തകരായ 6 പ്രതികൾ ഇന്നലെ രാത്രിയാണ് വിദേശത്ത് നിന്നെത്തിയത്. വിചാരണക്കോടതി വിട്ടയച്ചതിനെ തുടർന്ന് ഇവർ ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു.
2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഷിബിൻ്റെ അച്ഛനും സർക്കാരും നൽകിയ അപ്പീലിലാണ് മുസ്‌ലിം ലീഗ് പ്രവർത്തകരായ 8 പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. മൂന്നാം പ്രതി നേരത്തേ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ- സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്.