കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്നിലുള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം.
പത്തനംതിട്ട സ്വദേശിയാണ് നവീൻ ബാബു. ഇന്നലെ രാത്രി പത്തനംതിട്ടയിലേക്ക് തിരിക്കുമെന്നായിരുന്നു സഹപ്രവർത്തകരോട് അദ്ദേഹം പറഞ്ഞിരുന്നത്. നേരത്തെ കാസർകോട് എഡിഎം ആയിരുന്ന ഇദ്ദേഹം മാസങ്ങൾക്ക് മുൻപാണ് കണ്ണൂരെത്തിയത്.
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചായിരുന്നു അഴിമതി ആരോപണമുന്നയിച്ചത്. ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നാണ് ആരോപണം.
ജില്ലാ കലക്ടർ ഉൾപ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞു. നവീൻ കുമാറിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അവർ ഉടൻ വേദി വിടുകയും ചെയ്തു.
















