Fact Check

ഗോവയില്‍ ബോട്ട് മറിഞ്ഞ് 23 പേര്‍ മുങ്ങിമരിച്ചോ…? സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്

ഗോവയില്‍ ഒരു ബോട്ട് മറിഞ്ഞതായി ചൂണ്ടിക്കാട്ടിയുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജനങ്ങൾ തിങ്ങിനിറഞ്ഞ ഒരു ബോട്ട് മുങ്ങുന്ന ദൃശ്യം ഗോവയില്‍ നിന്നുള്ളതാണെന്ന് നിരവധി ഉപയോക്താക്കള്‍ അവകാശപ്പെട്ടു. 23 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 40 പേരെ ജീവനോടെ രക്ഷിച്ചതായും അപകടത്തെ തുടര്‍ന്ന് 64 പേരെ കാണാതായതായും വീഡിയോയില്‍ അവകാശപ്പെടുന്നു.

എക്‌സ് ഉപയോക്താവ് @Rgowda_27 മുകളിലെ അവകാശവാദത്തോടെ വീഡിയോ ട്വീറ്റ് ചെയ്യുകയും ‘ ബോട്ടുടമകളുടെ അത്യാഗ്രഹവും’ ‘യാത്രക്കാരുടെ അമിത ആത്മവിശ്വാസവും’ അപകടത്തിന് കാരണമായി കുറ്റപ്പെടുത്തുകയും ചെയ്തു.

മറ്റൊരു എക്‌സ് ഉപയോക്താവ്, @RaushanRRajput ഇതേ അവകാശവാദം ഉന്നയിച്ചു. നിലവില്‍ ആ ട്വീറ്റിന് 26,100 വ്യൂസ് ലഭിച്ചു കഴിഞ്ഞു. @jaashukla എന്നയാളും വീഡിയോ ട്വീറ്റ് ചെയ്യുകയും ഇതേ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. മറ്റ് നിരവധി ഉപയോക്താക്കള്‍ ഇതേ അവകാശവാദത്തോടെ ഫോട്ടോ പങ്കിട്ടു.

എന്താണ് സത്യാവസ്ഥ?

വീഡിയോയിലെ ചില ഫ്രെയിമുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കുകയും അവയെ ഗൂഗിളിന്റെ സഹായത്തോടെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിങ് നടത്തി. ഇത് YouTube-ലെ CGTN ആഫ്രിക്കയുടെ ഒരു വീഡിയോ റിപ്പോര്‍ട്ടിലേക്ക് എത്തിച്ചു.

2024 ഒക്ടോബര്‍ 4 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മധ്യ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആര്‍സി) കിവു തടാകത്തില്‍ ബോട്ട് മുങ്ങി 78 പേരെങ്കിലും മരിച്ചു. കൂടാതെ, ‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ’ ആഫ്രിക്കയിലെ കോംഗോയിലെ ഗോമയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്ന ഒരു ട്വീറ്റും ഗോവ പോലീസിന്റെ ( @Goa_Police ) ഔദ്യോഗിക ഹാന്‍ഡില്‍ ഞങ്ങള്‍ കണ്ടെത്തി . ‘സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പങ്കിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍’ പോലീസ് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

ട്വീറ്റില്‍ വൈറലായ അവകാശവാദങ്ങള്‍ക്കൊപ്പം വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടും അടങ്ങിയിരുന്നു.

അത്കൂടാതെ ഈ മാസം 3 മുതല്‍ കോംഗോയില്‍ ബോട്ട് മറിഞ്ഞതിനെക്കുറിച്ച് നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. കിഴക്കന്‍ കോംഗോയിലെ കിവു തടാകത്തില്‍ 2024 ഒക്ടോബര്‍ 3 വ്യാഴാഴ്ച രാവിലെ സൗത്ത് കിവുവിലെ മിനോവയില്‍ നിന്ന് ഒരു ബോട്ട് ഗോമയുടെ തീരത്ത് എത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബിബിസി റിപ്പോര്‍ട്ട് പറയുന്നു.

അപകടത്തില്‍ 78 പേര്‍ മരിച്ചു. റീജിയണല്‍ ഗവര്‍ണര്‍ ജീന്‍ ജാക്വസ് പുരിസിയുടെ അഭിപ്രായത്തില്‍ ബോട്ട് മറിഞ്ഞപ്പോള്‍ 278 യാത്രക്കാരുണ്ടായിരുന്നുവെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു, ”കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും എടുക്കും, കാരണം എല്ലാ മൃതദേഹങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല.” തുറമുഖത്ത് നിന്ന് 700 മീറ്റര്‍ അകലെയാണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

2024 ഒക്ടോബര്‍ 4, 5 തീയതികളില്‍ ഗോവയില്‍ ബോട്ട് മറിഞ്ഞതിന്റെ വിശ്വസനീയമായ വാര്‍ത്തകളൊന്നും ഞങ്ങള്‍ കണ്ടെത്തിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ചുരുക്കിപ്പറഞ്ഞാല്‍, ബോട്ട് വെള്ളത്തില്‍ മുങ്ങുന്ന വീഡിയോ ഗോവയില്‍ നിന്നുള്ളതല്ല. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നാണ്. തെറ്റായി ഒരു വീഡിയോ വ്യാഖ്യാനിക്കെപ്പെടുന്നതായി വ്യക്തമായി.

Latest News