വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 50 ശതമാനം തദ്ദേശീയര്‍ക്ക് തൊഴിലവസരം ലഭിക്കണമെന്ന നിര്‍ദ്ദേശത്തെക്കാള്‍ കൂടുതല്‍ തൊഴില്‍ നല്‍കിയതായി തുറമുഖ മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. ഇതിനകം 56 ശതമാനം പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനമാരംഭിച്ച ശേഷമെത്തിയ കപ്പലുകളില്‍ നിന്ന് 4.7 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചു.
വിഴിഞ്ഞത്ത് ഇതിനകം 29 കപ്പലുകളാണ് എത്തിയത്. ഇതില്‍ 19 കപ്പലുകളില്‍ നിന്നുള്ള നികുതി വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചത്. സെപ്തംബര്‍ 30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്തെ വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ക്രൂയിസ് ഷിപ്പിങ് പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമുള്ള ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നാല് കമ്പനികളാണ് മുന്നോട്ടുവന്നത്. ഇതില്‍ രണ്ട് കമ്പനികളാണ് യോഗ്യരായത്. സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന കപ്പലിന്റെ വിശദാംശങ്ങളടക്കം അന്തിമാനുമതിക്കായി കപ്പല്‍ഗതാഗത ഡയറക്ടര്‍ ജനറലിന് അയക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പരമാവധി ചെലവുകുറച്ച് ആളുകള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.