Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി ഡി സതീശൻ

തിരുവനന്തപുരം: കല്‍പ്പാത്തി രഥോത്സവ ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. വോട്ടെടുപ്പ് ദിനമായ നവംബര്‍ 13- തന്നെയാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ 13-ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നവംബര്‍ 13 നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ ദിവസമാണ് വിശ്വപ്രസിദ്ധമായ കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യ ദിനം. തീയ്യതിയില്‍ മാറ്റം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെ ബിജെപിയും കല്‍പാത്തി രഥോത്സവ ദിവസത്തില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന ആവശ്യവുമായി രംഗത്തെത്തി.

നവംബര്‍ 13,14,15 തിയ്യതികളില്‍ തിരഞ്ഞെടുപ്പ് പാടില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത് മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷ നേതാവ് നവംബര്‍ 13 ന് മുമ്പുള്ള തിയ്യതിയില്‍ തിരഞ്ഞെടുപ്പ് വെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.