India

എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി; അടയന്തിരമായി കാനഡയിൽ ഇറക്കി

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യയുടെ ഡല്‍ഹി – ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കി. എഐ 127 നമ്പർ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരെയും വിമാനവും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് വിമാനത്തെയും യാത്രക്കാരേയും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. വിമാനത്താവളത്തിലെ ഏജന്‍സികളും പരിശോധനയ്ക്ക് സഹായിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.

അടുത്തിടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായതാണെന്നും വാർത്താക്കുറിപ്പിൽ കമ്പനി പറയുന്നു. എങ്കിലും ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടയന്തരമായി ഇറക്കേണ്ടിവന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഐ 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്.