തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫ് സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുദ്ധക്കളം ഒരുങ്ങി, യുദ്ധത്തിന് എൽഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്ന് മണ്ഡലത്തിലും സജ്ജമായി. എൽ.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയ പ്രതീക്ഷയുണ്ട്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും വയനാട്ടിൽ ഉചിത സ്ഥാനാർഥിയായിയുണ്ടാകും. രാഷ്ട്രീയ പ്രാധാന്യം ഉൾക്കൊണ്ട് പോരാടാൻ പറ്റിയ ഏറ്റവും നല്ല സ്ഥാനാർഥി വരുമെന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെ വിജയം വീണ്ടും ഉണ്ടാകും. എല്ലാ തരത്തിലും രാഷ്ട്രീയം, നിലപാട് എല്ലാം ഉയർത്തിപ്പിടിച്ചുകൊണ്ട് മൂന്ന് മണ്ഡലത്തിലും എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിയെ അതിവേഗം പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമക്യഷ്ണൻ പറഞ്ഞിരുന്നു. ഏതു സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് തായാറെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. സമയബന്ധിതമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. എൽഡിഎഫിന് ഒരു ആശങ്കയുമില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. പാലക്കാടും ചേലക്കരയും ജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് ശനിയാഴ്ചയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 18ന് പുറത്തിറക്കും. ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 28 നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 30 ആണ്.