തിരുവനന്തപുരം: നവംബർ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായേക്കും. ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസിനാണ് സാധ്യത. ഇതുസംബന്ധിച്ച് കോൺഗ്രസിൽ കൂടിയാലോചനകൾ പൂർത്തിയായതായും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് വിവരം.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേര് നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും വടകര എം.പി ഷാഫി പറമ്പിലിന്‍റെയും പിന്തുണയാണ് രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂല ഘടകമായത്. അതേസമയം, ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും രമ്യക്ക് ഒരവസരം കൂടി നൽകാനും കെ.പി.സി.സി ധാരണയാവുകയായിരുന്നു.
കോൺഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. പാർട്ടിയും മുന്നണിയും വളരെയധികം പ്രതീക്ഷയോട് കൂടി തന്നെയാണുള്ളതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിനായി പാർട്ടി പ്രവർത്തകർ എല്ലാവരും വളരെ ഊർജ്ജസ്വലമായി രംഗത്തുണ്ട്. ജനങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്നാണ് കരുതുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ബൂത്ത് പ്രസിഡൻ്റ്മാർ പോലും കെപിസിസി പ്രസിഡൻ്റിനെ പോലെയുള്ള പ്രവർത്തനങ്ങളാണ് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം പോലെ തന്നെ സമാന രീതിയിലുള്ള ഒരുക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. ആ രീതിയിൽ കോൺഗ്രസ് അതിന്റേതായ മുന്നൊരുക്കങ്ങൾ വളരെ സജീവമായി എടുത്തിട്ടുണ്ടെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേർത്തു.
അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം. ഈ ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 13,14,15 തീയതികളില്‍ തെരഞ്ഞെടുപ്പ് പാടില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. നവംബര്‍ 13 ന് മുമ്പുള്ള തീയതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധി നേടിയതിനെക്കാൾ ഭൂരിപക്ഷം പ്രിയങ്ക നേടും. പാലക്കാട് നിലനിർത്തുന്നതിനൊപ്പം ചേരക്കര പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.