Kerala

ചേലക്കരയിൽ യു.ആർ. പ്രദീപ് എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കും; പാലക്കാട് കെ. ബിനുമോൾക്ക് സാധ്യത

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കരയിൽ മുൻ എം.എൽ.എ യു.ആർ. പ്രദീപ് എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കും. സി.പി.എം ജില്ല സെക്രട്ടേറിയേറ്റിലും ജില്ല കമ്മിറ്റിയിലും പ്രദീപിന്റെ പേരിനാണ് മുൻതൂക്കം. മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസാംഗമായിരുന്ന അദ്ദേഹം 2021ല്‍ കെ രാധാകൃഷ്ണന് മത്സരിക്കുന്നതിന് വേണ്ടി മാറി നില്‍ക്കുകയായിരുന്നു. മുന്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതനാണ് പ്രദീപ്. അതുകൊണ്ട് തന്നെ ഇവിടെ മറ്റൊരു പേരിലേക്കും പാര്‍ട്ടിയുടെ ചര്‍ച്ചകള്‍ കടന്നില്ല.

അതേസമയം പാലക്കാട് പാർട്ടി നേതൃത്വം വിവിധ പേരുകൾ പരിഗണിക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോളുടെ പേരിനാണ് പ്രഥമ പരിഗണന. എന്നാല്‍ മറ്റ് പേരുകളും മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്. ജില്ല കമ്മിറ്റികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.

തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകൾ മുന്നണി നേരത്തെ തന്നെ തുടങ്ങിയതാണെന്നും പാലക്കാടിനു പുറമേ ചേലക്കരയിലും ജയിക്കുകയാണ് ‌മുന്നണിയുടെ ലക്ഷ്യമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. രണ്ട് അസംബ്ലി മണ്ഡലങ്ങളിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യം. ജില്ലകളുടെ നിലപാട് മനസിലാക്കി കഴിയുന്നത്ര വേഗത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കു‌മെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൻ്റെയും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതിയാണ് ഇന്ന് പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. വേട്ടെണ്ണല്‍ നവംബർ 23നായിരിക്കും.

വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി രാജി വെച്ചതിനാലാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് ആവശ്യമായത്.