കോഴിക്കോട്: ഷാജൻ സ്കറിയയുടെ പരാതിയിൽ പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുത്തു. മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച പല വീഡിയോകളുടെയും ഭാഗങ്ങൾ യോജിച്ചിച്ച് തെറ്റായി പ്രചരിപ്പിച്ചതായാണ് പരാതി. കോട്ടയം എരുമേലി പൊലീസാണ് കേസെടുത്തത്.
മതസ്പർധ, കലാപാഹ്വാനം എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തനിക്കെതിരെയും സ്ഥാപനത്തിനെതിരെയും അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭാരതീയ ന്യായ് സംഹിത സെക്ഷൻ 196, 336, 340, 356 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷാജൻ സ്കറിയ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.