സാഹസിക ഇഷ്ടപ്പെടാത്ത സഞ്ചാരികൾ കുറവാണ്. അത്തരത്തിലുള്ള യാത്രികർക്കായി കർണാടകയിലെ ഈ ഗ്രാമം കാത്തിരിക്കുകയാണ്. കർണാടകയിലെ ബെൽത്തങ്ങാടി താലൂക്കിലെ കുത്ലൂർ ഗ്രാമമാണ് സാഹസിക സഞ്ചാരികളെ കാത്തിരിക്കുന്നത്. വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സാഹസിക ടൂറിസം കാറ്റഗറിയിൽ ആണ് ഏറ്റവും ‘മികച്ച വിനോദസഞ്ചാര ഗ്രാമം’ ആയി കുത്ലൂർ തിരഞ്ഞെടുക്കപ്പെട്ടത്. ഈ അംഗീകാരത്തോടെ ഗ്രാമം ഇന്ത്യയിലെ ഒരു മികച്ച സാഹസിക യാത്രാ കേന്ദ്രമായി ഉയർത്തിക്കാണിക്കുക മാത്രമല്ല, സാഹസികത ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടകേന്ദ്രമായി മാറുക കൂടി ചെയ്തിരിക്കുകയാണ്.
സുസ്ഥിര വിനോദസഞ്ചാരത്തിന് മുൻഗണന നൽകുന്ന ഗ്രാമങ്ങളെ പ്രോത്സാഹിപ്പിക്കാനായി വിനോദസഞ്ചാര മന്ത്രാലയം വർഷം തോറും മികച്ച ടൂറിസം വില്ലേജ് മത്സരം സംഘടിപ്പിക്കുന്നു. ഇത് രണ്ടാമത്തെ വർഷമാണ് ഇത്തരത്തിൽ മത്സരം സംഘടിപ്പിക്കുന്നത്. ഈ മത്സരത്തിലൂടെ പുറംലോകത്തേക്ക് അറിയപ്പെടാതെ കിടക്കുന്ന ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ സാധിക്കുന്നു.
ഈ മത്സരത്തിലൂടെ തങ്ങളുടെ പരിസ്ഥിതി സംരക്ഷിക്കുകയും പൈതൃകം കാത്തു സൂക്ഷിക്കുകയും മൂല്യത്തിൽ ഉയർന്നു നിൽക്കുന്ന കമ്യൂണിറ്റികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗ്രാമങ്ങളെ കണ്ടെത്താൻ സാധിക്കുന്നു. ഇത്തരത്തിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കുത്ലൂർ എന്ന് ഇത് വെളിവാക്കുന്നു. മത്സരത്തിലെ വിജയികളെ ലോക വിനോദസഞ്ചാര ദിനമായ സെപ്തംബർ 27ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
മികച്ച വിനോദസഞ്ചാര ഗ്രാമത്തെ കണ്ടെത്താനുള്ള മത്സരത്തിനായി ഈ വർഷമാദ്യമാണ് അപേക്ഷകൾ സ്വീകരിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും അപേക്ഷകൾ സ്വീകരിച്ചു. അഡ്വഞ്ചർ ടൂറിസം സ്പോട്ട് ആയാണ് കുത്ലൂർ അവതരിപ്പിച്ചത്. ഹൈക്കിങ്ങിനും ട്രെക്കിങ്ങിനുമുള്ള സൗകര്യങ്ങളാണ് കുത്ലൂറിനെ വ്യത്യസ്തമാക്കുന്നത്. പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് കുത്ലൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതിയാണ് പ്രധാന ആകർഷണം. അടുത്ത തവണ ഒരു യാത്രാ പദ്ധതി തയാറാക്കുമ്പോൾ കുത്ലൂർ ഗ്രാമത്തെ അതിൽ ഉൾപ്പെടുത്തിയാൽ മനോഹരമായ അനുഭവം ആയിരിക്കും ലഭിക്കുക. സുസ്ഥിര ടൂറിസം വികസനത്തിനായുള്ള ഗ്രാമത്തിന്റെ കഠിനാദ്ധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ലഭിച്ച അംഗീകാരമാണ് കുത്ലൂരിന് ലഭിച്ച ഈ പുരസ്കാരം.
STORY HIGHLLIGHTS : kuthlur-karnataka-best-tourism-village