ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ. പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്.
വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ഒരവസരം കൂടി നൽകാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇരു മണ്ഡലങ്ങളിലേക്കും ഓരോ സ്ഥാനാർഥികളുടെ പേരുമാത്രമാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയത്.
ഈ പേരുകൾ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പാലക്കാട് വി.ഡി.ബൽറാമിന്റെയും, ഡോ.പി.സരിന്റെയും പേരുകൾ പരിഗണിച്ചെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.
ഇന്ന് വൈകുന്നേരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. അടുത്ത മാസം 13നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണല്‍ നടക്കും.
കൂടാതെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പും നവംബര്‍ 23 ന് വോട്ടെണ്ണലും നടക്കും. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 13 നും 20 നും വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.