തിരുവനന്തപുരം: എഡിജിപി പി വിജയന് സ്വര്‍ണ്ണക്കടത്തിൽ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന്‍ മുൻ എസ്പി സുജിത് ദാസ്. എഡിജിപി അജിത് കുമാറിന്‍റെ മൊഴി വാസ്ത വിരുദ്ധമാണെന്നും, അജിത് കുമാര്‍ താൻ അങ്ങനെ പറഞ്ഞു എന്ന തരത്തിൽ അന്വേഷണ റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും സുജിത് ദാസ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. പിടിക്കുന്ന സ്വര്‍ണം കസ്റ്റംസിന് കൈമാറാൻ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ് വ്യക്തമാക്കി.
കരിപ്പൂർ സ്വർണക്കടത്തിൽ പി വിജയന് ബന്ധമുള്ളതായി മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് എംആർ അജിത്കുമാർ ഡിജിപിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. സർക്കാർ പുറത്തുവിട്ട രേഖയിലാണ് പരാമർശം. ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറുകയും സർക്കാർ ഇന്ന് ഈ റിപ്പോർട്ട് നിയമസഭയിൽ മേശപ്പുറത്ത് വെക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിലാണ് എഡിജിപി പി വിജയനെതിരെ പരാമര്‍ശമുള്ളത്. എന്നാല്‍, ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് സുജിത് ദാസ് അജിത് കുമാറിനെതിരെ രംഗത്തെത്തിയത്.
അതേസമയം, പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരാണെന്ന് മുൻ എസ്പി സുജിത് ദാസ്. ഐപിഎസ് ഉദ്യോഗസ്ഥരായ ആലപ്പുഴ എസ്പി എം.പി മോഹനചന്ദ്രനും എന്‍ഐഎ ഉദ്യോഗസ്ഥനായ വി. വിക്രമനുമാണ് അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്നാണ് സുജിത് ദാസിന്റെ വെളിപ്പെടുത്തൽ. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് സുജിത് ദാസിന്റെ ആരോപണം.