Thiruvananthapuram

പൂജപ്പുരയിൽ നടുറോഡിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തില്‍ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്. പൂജപ്പുര ജംഗ്ഷനില്‍ കന്നാസില്‍ പെട്രോളുമായി എത്തിയ യുവാവ് തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കരകുളം സ്വദേശി ബൈജുവാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

ചൊവ്വാഴ്ച രാത്രി 7.15 ഓടെയായിരുന്നു സംഭവം. പെട്രോളുമായി നടന്നു പോകുന്നതുകണ്ട് വഴിയാത്രക്കാരന്‍ പോലീസിനെയും അഗ്‌നിരക്ഷാ സേനയെയും അറിയിച്ചു. ഇവര്‍ എത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ തലയിലൂടെ പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കയ്യിലിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തി.

പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ഇയാളുടെ ഭാര്യ കഴിയുന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് വിവരം. രണ്ട് മക്കളുമായാണ് ബൈജു പൂജപ്പുരയിൽ എത്തിയത്. പെട്രോളൊഴിച്ച് തീ കൊളുത്തിയ ബൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും തീപ്പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest News